ജിദ്ദയിൽ നിന്നും ആഗസ്റ്റ് 12 ന് കോഴിക്കോട്ടേക്കാണ് അവസാനമായി കേരളത്തിലേക്ക് സർവിസ് നടത്തിയത്
ജിദ്ദ: വന്ദേഭാരത് മിഷെൻറ ഏഴാം ഘട്ട ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒറ്റ വിമാനങ്ങൾ പോലുമില്ലാത്തത് ജിദ്ദയിലെ മലയാളി സമൂഹത്തെ നിരാശരാക്കി. കഴിഞ്ഞ ഘട്ടത്തിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒരൊറ്റ സർവിസ് പോലുമുണ്ടായിരുന്നില്ല. പുതിയ ഷെഡ്യൂളിൽ സർവിസുകളുണ്ടാവുമെന്ന പ്രതീക്ഷയിലിരുന്ന പ്രവാസികളെ വീണ്ടും നിരാശപ്പെടുത്തുന്ന പട്ടികയാണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്.
വന്ദേഭാരത് മിഷെൻറ അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുത്തി ആഗസ്റ്റ് 12 ന് കോഴിക്കോട്ടേക്കാണ് ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് അവസാന വിമാനം പറന്നത്. സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് ജിദ്ദയും പരിസര പ്രദേശങ്ങളും. മക്ക, മദീന, ത്വാഇഫ്, തബൂക്ക്, യാംബു, ജിസാൻ, ഖമീസ് മുശൈത്ത് തുടങ്ങിയ പ്രദേശങ്ങളിലുള്ള മലയാളികളെല്ലാം ജിദ്ദ വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് പോവുന്നത്. ഇത്രയും വിശാലമായി കിടക്കുന്ന പ്രദേശത്ത് നിന്നുള്ള പതിനായിരങ്ങൾക്ക് നാട്ടിലെത്താൻ നിലവിൽ ചാർട്ടേഡ് വിമാന സർവിസുകളെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ. എന്നാൽ വന്ദേഭാരത് വിമാന സർവിസുകളെ അപേക്ഷിച്ച് ടിക്കറ്റ് ചാർജ്ജിനത്തിൽ ഉയർന്ന വിലയാണ് ചാർട്ടേഡ് വിമാനങ്ങൾക്ക് ഈടാക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ഉപയോഗിച്ചുള്ള സർവിസുകളുടെ ഷെഡ്യൂൾ ആണ് നിലവിൽ വന്നിരിക്കുന്നത്. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ഇല്ലാത്തതുകൊണ്ടാവാം പുതിയ ഷെഡ്യൂളിൽ ജിദ്ദ ഉൾപ്പെടുത്താതിരുന്നത് എന്നാണ് അനുമാനിക്കുന്നത്. എന്നാൽ എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ ഏർപ്പെടുത്തണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വിവിധ സംഘനകൾ താൽപര്യം കാണിക്കാതിരിക്കുന്നതിലും പ്രവാസികൾക്ക് ആക്ഷേപമുണ്ട്.