ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) സഹകരിച്ച് ഭാരത് ബയോടെക് തയ്യാറാക്കുന്ന കോവിഡ് വാക്സിനാണിത്
translate : English
ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡിന്‍റെ (ബി.ബി.എൽ) വാക്സിൻ നിർമാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. കോവിഡ് വാക്സിനായ കോവാക്സിന്‍റെ നിർമാണ പ്രവർത്തനവും അദ്ദേഹം വിലയിരുത്തി. ശാസ്ത്രജ്ഞരുമായും കമ്പനി ഉദ്യോഗസ്ഥരുമായും അദ്ദേഹം സംവദിച്ചു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ നിര്‍മിക്കുന്നത് ഭാരത് ബയോടെക്കാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) സഹകരിച്ച് ഭാരത് ബയോടെക് തയ്യാറാക്കുന്ന കോവിഡ് വാക്സിനാണിത്.
നിലവിൽ ഇതിന്‍റെ മൂന്നാംഘട്ട പരീക്ഷണം നടന്നുവരികയാണ്. രാജ്യത്ത് വാക്സിൻ വികസനവും ഉൽപാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ മൂന്ന് നഗര പര്യടനത്തിലെ ആദ്യ കേന്ദ്രമായിരുന്നു അഹമ്മദാബാദ്.’സിഡസ് കാഡില വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയ ഡി.എൻ.എ അധിഷ്ഠിത വാക്‌സിനിനെക്കുറിച്ച് കൂടുതലറിയാൻ അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക് സന്ദർശിച്ചു. അവരുടെ ടീമിനെ ഞാൻ അഭിനന്ദിക്കുന്നു. ഈ യാത്രയിൽ അവരെ സഹായിക്കാൻ സർക്കാർ അവരോടൊപ്പമുണ്ടാവും’-മോദി ട്വീറ്റ് ചെയ്തു.
കോവാക്സിൻ കൂടാതെ സിഡസ് കാഡിലയുടെ തദ്ദേശീയ വാക്സിനും ക്ലിനിക്കൽ പരീക്ഷണത്തിലാണ്. പ്രധാനമന്ത്രി മോദി പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സന്ദർശിക്കും. അസ്ട്രാസെനകയുമായി ചേർന്നു പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഓക്സ്ഫഡ് സാധ്യതാ വാക്സീനും പരീക്ഷണങ്ങളിലാണ്.