ഒരാൾ അറസ്റ്റിൽ
അരീക്കോട്: ഖത്തറിൽനിന്ന് വന്ന് ക്വാറൻറീനിൽ കഴിയുന്ന യുവാവിനും വീടൊഴിഞ്ഞുകൊടുത്ത പിതാവിനും നേരെ ശകാരവും മർദനവും നടന്നതായി പരാതി. ഞായറാഴ്ച രാത്രി ഒമ്പേതാടെയാണ് കാവനൂർ കിളിക്കല്ലിങ്ങൽ സ്വദേശിയായ ചോലയിൽ അർഷാദ് ക്വറൻറീനിൽ നിൽക്കാനായി ഈ വീട്ടിലെത്തിയത്.
അർഷാദ് എത്തിയതറിഞ്ഞ് മൂഴിപ്പാടത്തുള്ള രണ്ടുപേരെത്തി ആദ്യം വീടിന് പുറത്തുണ്ടായിരുന്ന പിതാവ് അലിയെ ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യുകയും തുടർന്ന് അക്രമിസംഘത്തിലൊരാൾ വീട്ടിൽ കയറി അർഷദിനെ അസഭ്യം പറയുകയും അടച്ചിട്ട മറ്റു രണ്ടുമുറികൾ തള്ളിത്തുറക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റ പിതാവ് ചോലയിൽ അലിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ അരീക്കോട് പൊലീസുമായി ബന്ധപ്പെടുകയും അലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലനാട്ട് വീട്ടിൽ വിവേകിനെ (24) അറസ്റ്റ് ചെയ്യുകയും ചെയ്തു. അക്രമകാരികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.