കോട്ടയം: സംസ്ഥാനത്ത് പുതിയ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററുകൾ (സി.എഫ്.എൽ.ടി.സി) തുറക്കുന്നത് ഇഴയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ സെൻററുകൾ തുറക്കണമെന്നാണ് സർക്കാർ നിർദേശമെങ്കിലും 200ൽ താഴെമാത്രം സെൻററുകൾക്കുള്ള കെട്ടിടങ്ങളാണ് കണ്ടെത്തിയത്. കെട്ടിടങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും നടപടി വൈകിപ്പിക്കുകയാണ്. കോവിഡ് ഫസ്റ്റ് ലൈൻ സെൻററുകൾക്ക് ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് ഫണ്ട് അനുവദിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
കോവിഡ് ബാധിതർക്കായി തേദ്ദശ സ്ഥാപനങ്ങളുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ക്വാറൻറീൻ കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്. ഇവിടെയും സാമ്പത്തിക പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടുന്നത്. രോഗികളുടെ എണ്ണം വർധിക്കുകയും ഭക്ഷണമടക്കം ചെലവ് കുതിച്ചുയരുകയും ചെയ്തതോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ ദുരിതത്തിലായത്. എന്നാൽ, പുതിയ ഫണ്ടൊന്നും ധനവകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നുമില്ല. അതിനിടെ ഫസ്റ്റ് ലൈൻ സംവിധാനം കൂടി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പല തദ്ദേശ സ്ഥാപനങ്ങളും.
സംസ്ഥാനത്താെക 50,000 മുതൽ 60,000 വരെ കിടക്കകൾ സജ്ജമാക്കണമെന്നാണ് സർക്കാർ നിർദേശം. സംഭാവനകൾ സ്വീകരിക്കാൻ അനുമതി ഉണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പല സ്ഥാപനങ്ങളും സഹകരിക്കുന്നില്ലെന്ന് തദ്ദേശ ഭരണസമിതികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഞായറാഴ്ചവരെയുള്ള കണക്കനുസരിച്ച് 187 ഫസ്റ്റ് ലൈൻ സെൻററുകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, മലയോര-കിഴക്കൻ മേഖലകളിൽ നടപടി ഇഴയുകയാണ്. ഇനിയും 40000ത്തോളം കിടക്കകൾ സജ്ജമാക്കേണ്ടതുണ്ടെന്ന് തദ്ദേശ ഭരണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കോവിഡ് പരിശോധനഫലം പോസിറ്റിവായ പ്രകടമായ രോഗലക്ഷണം ഇല്ലാത്തവരെയാകും ഇവിടെ ചികിത്സിക്കുക.