ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വില വർധിച്ചേക്കും. ഫോണുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ പാനലുകൾക്ക് 10% ഇറക്കുമതി തീരുവ ചുമത്തിയതിനെത്തുടർന്നാണ് വില വർധന പ്രതീക്ഷിക്കുന്നത്. സ്മാർട്ട്ഫോൺ നിർമാതാക്കൾ 1.5 ശതമാനം മുതൽ 5 ശതമാനം വരെ വില വർധിപ്പിക്കാനിടയുണ്ടെന്ന് ഇന്ത്യ സെല്ലുലർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (െഎ.സി.ഇ.എ) വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിെൻറ ഉൽപാദന മേഖല വളർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിെൻറ ‘മെയ്ഡ് ഇൻ ഇന്ത്യ’ സംരംഭത്തിെൻറ ഭാഗമാണ് ഡിസ്പ്ലേ പാനലുകൾക്ക് ഏർപ്പെടുത്തിയ ഇംപോർട്ട് ടാക്സ്. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ നികുതി വ്യവസ്ഥ, വ്യവസായവുമായി യോജിപ്പിച്ച് 2016 ൽ പ്രഖ്യാപിച്ച ഘട്ടം ഘട്ടമായുള്ള നിർമ്മാണ പരിപാടി (പിഎംപി) പ്രകാരമാണ് പ്രയോഗിക്കുക.
കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ ഇൗ വർഷം ആഭ്യന്തര ഡിസ്പ്ലേ പാനൽ ഉൽപാദനം വർധിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് െഎ.സി.ഇ.എ ദേശീയ ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ പറഞ്ഞു. ആഭ്യന്തരമായി ഡിസ്പ്ലേ പാനൽ നിർമിക്കുന്നതിന് നമ്മൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. എന്നിരുന്നാലും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇറക്കുമതിയിലും ആഗോള മാർക്കറ്റിലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ സ്മാർട്ട്ഫോൺ നിർമാതാക്കളാരും തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. ആപ്പിൾ, സാംസങ്, ഷവോമി, വിവോ, ഒപ്പോ, റിയൽമി, വൺപ്ലസ് തുടങ്ങിയ കമ്പനികൾ വരും ദിവസങ്ങളിൽ വില ഉയർത്താൻ തന്നെയായിരിക്കും സാധ്യതയെന്ന് ടൈംസ് ഒാഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഫെസ്റ്റിവൽ സീസൺ വരുന്നത് കാരണം ചില കമ്പനികൾ വില ഉയർത്താൻ അൽപ്പം താമസിക്കുമെങ്കിലും ചില കമ്പനികൾ ഉടൻ തന്നെ അതിന് മുതിർന്നേക്കുമെന്നും സൂചനയുണ്ട്.