translate : English
കൊച്ചി: രഹസ്യമൊഴി മാധ്യമങ്ങൾ വഴിപുറത്തുവന്ന സാഹചര്യത്തിൽ ജയിലിൽ തെൻറ ജീവന് ഭീഷണി ഉണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കോടതിയിൽ സമർപ്പിച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഉന്നതരുടെ പേരുകൾ പറയരുതെന്നാവശ്യപ്പെട്ട് ജയിലില്‍ ചിലയാളുകള്‍ തന്നെ വന്നു കണ്ടിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. ഇവർ പോലീസുകാരാണെന്നാണ് കരുതുന്നത്. തെൻറയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ട്. തനിക്ക് കൂടുതൽ സുരക്ഷ നൽകണം -അഭിഭാഷകന്‍ വഴി നൽകിയ കത്തിൽ സ്വപ്ന ആവശ്യപ്പെട്ടു.
സ്വർണ കടത്ത് കേസുമായി സ്പീക്കർ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. സ്പീക്കർ അനുമതി കൂടാതെ നടത്തിയ വിദേശ യാത്രകളെല്ലാം ദുരൂഹമാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. എന്നാൽ, സ്പീക്കറെ അപമാനിക്കാൻ കെ. സുരേന്ദ്രൻ ബോധപൂർവം ശ്രമം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പ്രതികരിച്ചു. കോടതിയിൽ സമർപ്പിച്ചുവെന്ന് പറയുന്ന റിപ്പോർട്ടിലെ ഉള്ളടക്കം സുരേന്ദ്രന് എങ്ങനെ ലഭിച്ചുവെന്നും വിജയരാഘവൻ ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ചാണെന്നും വിജയരാഘവൻ പറഞ്ഞു.