translate : English
പട്ന: ബിഹാർ നിയമസഭയിലെ എ.ഐ.എം.ഐ.എം എം.എല്‍.എയുടെ സത്യപ്രതിജ്ഞ വിവാദത്തിൽ. ഉറുദുവിലെ സത്യവാചകത്തിെൻറ കരടിൽ ‘ഹിന്ദുസ്ഥാന്‍’ എന്ന വാക്ക് ഒഴിവാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെടുകയായിരുന്നു. പകരം ഭരണഘടനയിൽ ഉപയോഗിച്ച ‘ഭാരത്’ എന്ന വാക്ക് ഉള്‍പ്പെടുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിെൻറ സംസ്ഥാന പ്രസിഡൻറായ അക്തറുൽ ഇംറൻ എം.എൽ.എ ആണ് ഇക്കാര്യം ഉന്നയിച്ചത്.
സത്യപ്രതിജ്ഞക്ക് എഴുന്നേറ്റപ്പോൾ ഭരണഘടനയിൽ ഉള്ളത് ‘ഭാരത്’ എന്ന വാക്കാണെന്നും അത് മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് സ്പീക്കർ ജിതൻ റാം മാഞ്ജി അനുവാദം നൽകുകയും ചെയ്തു.
എന്നാൽ, ഇതിനെതിരെ എൻ.ഡി.എ രംഗത്തെത്തി. ‘ഹിന്ദുസ്ഥാന്‍’ എന്ന വാക്ക് പറയാൻ മടിയുള്ളവർ പാകിസ്താനിലേക്ക് പോകണമെന്ന് ബി.ജെ.പി എം.എൽ.എ നീരജ് സിങ് ബബ്ലു പറഞ്ഞു.
ഇതോടെ, ‘ഹിന്ദുസ്ഥാന്‍’ എന്ന വാക്കിനോട് തനിക്ക് വിരോധമില്ലെന്ന് വ്യക്തമാക്കി അക്തറുൽ ഇംറൻ എം.എൽ.എ രംഗത്തുവന്നു. ഒരു നിലപാട് അറിയിക്കുകയാണ് ചെയ്തത്. ‘സാരെ ജഹാൻ സെ അച്ഛാ ഹിന്ദോസിതാൻ ഹമാരാ’ എന്ന കവിത ചൊല്ലിയ അദ്ദേഹം, കോണ്‍ഗ്രസ് എം.എല്‍.എ ഷാകില്‍ അഹമ്മദ് ഖാന്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിനെ അഭിനന്ദിക്കുകയും ചെയ്തു.