translate : English
ന്യൂഡൽഹി: പല സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതിനിടെ നിയന്ത്രണങ്ങൾ സംബന്ധിച്ച് വീണ്ടും ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്രസർക്കാറിെൻറ മുൻകൂർ അനുമതിയില്ലാെത ലോക്ഡൗൺ ഏർപ്പെടുത്തരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം, രാത്രി കർഫ്യു പോലുള്ള നിയന്ത്രണം പ്രാദേശിക ഭരണകൂടങ്ങൾക്ക് സ്വീകരിക്കാം. കണ്ടെയ്ൻമെൻറ് സോണിൽ കർശന നിയന്ത്രണം തുടരണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമേ കണ്ടെയ്ൻമെൻറ് സോണിൽ അനുമതിയുണ്ടാവു.
മാസ്ക് ധരിക്കലും കൈ കഴുകലും സാമൂഹിക അകലവും ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വീകരിക്കണം. അൺലോക്ക് പ്രക്രിയയുടെ ഭാഗമായി അനുവദിച്ച ഇളവുകൾ തുടരും. അന്തർ സംസ്ഥാന യാത്രക്കും ചരക്കുനീക്കത്തിനും ഒരുതരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
സാമൂഹിക, മത, കായിക, വിനോദ, വിദ്യാഭ്യാസ സാംസ്കാരിക പരിപാടികൾ ഹാളിെൻറ 50 ശതമാനം ശേഷി ഉപയോഗിച്ച് നടത്താം. ആളുകളുടെ എണ്ണം 200 പേരിൽ കൂടരുത്. തിയറ്ററുകളും 50 ശതമാനം ആളുകളുമായി തുറക്കാം. നീന്തൽകുളങ്ങൾ കായിക പരിശീലനത്തിന് മാത്രമായി ഉപയോഗിക്കണം. എക്സിബിഷൻ ഹാളുകൾ ബിസിനസ് ടു ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവു.