യുപിയിലെ കാടത്തം; മകളുടെ മൃതദേഹത്തിന് വേണ്ടി ‌പൊട്ടിക്കരഞ്ഞ് അമ്മയും അച്ഛനും

ലക്‌നൗ∙ ഉത്തർ പ്രദേശിലെ ഹത്രാസ് ജില്ലയിൽ 19 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.  യുപിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.  TOP NEWS പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ 2.30ന് രഹസ്യമായി സംസ്‌കരിച്ച് പൊലീസ്; വിവാദം ‘ആ മൃതദേഹത്തെ പോലും ബഹുമാനിച്ചില്ല. മകൾക്ക് അന്ത്യകർമം ചെയ്യാനുള്ള അവകാശം പോലും നൽകിയില്ല. ക്രൂരമായ കൊലപാതകങ്ങൾ തടയാൻ നിങ്ങൾക്ക് കഴിയുന്നില്ല. ക്രിമിനലുകളെ പോലെയാണ് നിങ്ങൾ പെരുമാറുന്നത്. പീഡനങ്ങൾ അവസാനിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. നിഷ്കളങ്കയായ ആ പെൺകുട്ടിയുടെ മരണ ശേഷം അവളുടെ കുടുംബത്തിനെ പോലും നിങ്ങൾ വേട്ടയാടുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണം’– പ്രിയങ്ക ട്വിറ്ററിൽ‌ കുറിച്ചു.  ‘മകൾ മരിച്ചുവെന്ന വിവരം അറിഞ്ഞപ്പോൾ ഞാൻ അവളുടെ പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹം കരഞ്ഞു നിലവിളിക്കുകയായിരുന്നു. മകൾക്ക് നീതി ലഭിക്കണമെന്ന് മാത്രമാണ് തന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി അവളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലും അനുവദിക്കാതെ മൃതദേഹം കട്ടെടുത്തു…ഇരയേയും അവളുടെ കുടുംബത്തേയും സംരക്ഷിക്കുന്നതിനു പകരം അവൾക്കു ലഭിക്കേണ്ട എല്ലാ മാനുഷിക അവകാശങ്ങളും തട്ടിത്തെറിപ്പിച്ചു, അവളുടെ മരണശേഷവും അതു തുടർന്നു. നിങ്ങൾക്ക് മുഖ്യമന്ത്രിയായി തുടരാൻ യാതൊരു ധാർമിക അവകാശവുമില്ല.’– യോഗിക്കെതിരെ പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. പ്രിയങ്കയുമായി സംസാരിക്കുന്ന പെൺകുട്ടിയുടെ പിതാവ് പൊട്ടിക്കരയുന്നതും വേദന താങ്ങാനാവാതെ ഫോൺ ഒരു ബന്ധുവിന് കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയുടെ ശവസംസ്കാരത്തിന് ആവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ടോയെന്നും എന്തെങ്കിലും താൻ ചെയ്തു തരേണ്ടതായി ഉണ്ടോയെന്നും പ്രിയങ്ക ചോദിച്ചു.  എന്നാൽ യാതൊരു മാനുഷിക പരിഗണനകളും നൽകാതെ പെൺകുട്ടിയുടെ വീട്ടുകാരെ അടിച്ചോടിച്ച് രഹസ്യമായി അർധരാത്രിയിൽ പൊലീസ് മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്നാണു പരാതി. മൃതദേഹം ആംബുലൻസിൽ കയറ്റിയ ഉടനെ സംസ്കരിക്കണമെന്ന് പൊലീസ് വാശിപിടിച്ചു. സംസ്കാരത്തനു മുമ്പ് വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് പൊലീസിനോടെ കേണപേക്ഷിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാൻ പൊലീസ് തയാറായില്ല.  മൃതദേഹം കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് ആംബുലൻസിനു മുന്നിൽ ഒരു സ്ത്രീ മുട്ടുകുത്തിയിരിക്കുന്ന ഹൃദയം തകർക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീ തന്റെ മകളുടെ മൃതദേഹം വിട്ടു തരണമെന്ന് ആവശ്യപ്പെട്ട റോഡിൽ കുത്തിയിരുന്ന് വാവിട്ട് നെഞ്ചത്തടിച്ച് കരയുന്നതാണ് ദൃശ്യങ്ങൾ. ഈ സ്ത്രീ പൊലീസ് കാറിനു മുന്നിലും കേണപേക്ഷിച്ച് സാഷ്ടാഗം വീഴുന്നതും ദൃശ്യങ്ങളിലൂണ്ട്.  ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് 19 വയസ്സുകാരി മരിച്ചത്. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹത്രാസിൽ അർധ രാത്രിയോടെയാണ് മൃതദേഹം എത്തിച്ചത്. പ്രദേശവാസികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം െപാലീസ് ബലം പ്രയോഗിച്ച് അടിച്ചമർത്തുകയായിരുന്നുവെന്നാണ് ആരോപണം. മൃതദേഹം എത്രയും പെട്ടെന്ന് സംസ്കരിക്കണമെന്ന പൊലീസിന്റെ ആവശ്യത്തോട് എതിർപ്പ് പ്രകടിപ്പിച്ച പെൺകുട്ടിയുടെ അച്ഛനും സഹോദരനും ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അർധരാത്രിയിൽ മൃതദേഹം സംസ്കരിക്കുന്നത് തങ്ങളുടെ മതാചാരങ്ങൾക്ക് എതിരാണെന്നും അവർ പറഞ്ഞു.  യുവതിയുടെ വീടിനു സമീപം പൊലീസ് ശവമഞ്ചം ഒരുക്കിയിരുന്നു. സമീപത്തു തന്നെ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ആരും പ്രവേശിക്കാതിരിക്കാൻ ഒരു മനുഷ്യചങ്ങല തന്നെ തീർത്താണ് പൊലീസ് സംസ്കാരം നടത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തു.