വേങ്ങര (മലപ്പുറം): മണ്ണെടുത്ത് നവീകരിച്ച കുറ്റൂര്‍ പാടത്തെ കൈതത്തോടിെൻറ ഇരുകരകളിലും കയർഭൂവസ്ത്രം കൊണ്ടുള്ള സംരക്ഷണഭിത്തി തീർക്കുന്ന ജോലികൾ തുടങ്ങിയതോടെ ഭംഗിയാർന്ന തോടും പാടവും കാണാൻ ആളുകളെത്തിത്തുടങ്ങി. ഇതിനകം 250 മീറ്റർ നീളം തോടിെൻറ ഇരുകരകളിലും ഭൂവസ്ത്രം വിരിച്ചു.
ബാക്കിയുള്ള ഭാഗത്തും താമസിയാതെ വിരിക്കുമെന്നും ആലപ്പുഴയിൽനിന്ന് കയർ വിരികൾ കിട്ടാത്തതാണ് കാലതാമസത്തിന് കാരണമെന്നും വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറയുന്നു. ചാലിപാടം മുതല്‍ കടലുണ്ടിപ്പുഴയിലെ പനമ്പുഴക്കടവുവരെ മൂന്നു കിലോമീറ്റർ നീളത്തിലും മൂന്നുമീറ്റര്‍ വീതിയിലുമാണ് തോട് നവീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഉള്‍പ്പെടുത്തി തോട്ടിലെ മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ഇതിനകം പൂർത്തിയായി.
ഇങ്ങനെ കോരിയെടുത്ത് തോട്ടിൻ കരയിൽ കൂട്ടിയിട്ട മണ്ണ് തിട്ടയാക്കി കെട്ടിയുയർത്തി അതിൽ കയർഭൂവസ്ത്രം വിരിക്കുന്ന ജോലികളാണ് തൊഴിലുറപ്പ് തൊഴിലാളികളെവെച്ച് ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ നടന്നുവരുന്നത്. കാലവർഷത്തിന് ശേഷമേ മുഴുവനായി വിരിക്കാൻ കഴിയൂവെന്നും ബന്ധപ്പെട്ടർ പറഞ്ഞു.