Sunday, November 10, 2024
Google search engine
HomeCovid-19കോവിഡ് വാക്സിൻ ഓഗസ്റ്റിൽ; ഐസിഎംആർ നിർദേശം വിവാദത്തിൽ

കോവിഡ് വാക്സിൻ ഓഗസ്റ്റിൽ; ഐസിഎംആർ നിർദേശം വിവാദത്തിൽ

ന്യൂഡൽഹി ∙ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15നു ലഭ്യമാക്കണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്(ഐസിഎംആർ) പ്രഖ്യാപനം വിവാദത്തിൽ. മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണത്തിനുള്ള സ്വാഭാവിക നടപടിക്രമങ്ങളെയാകെ അട്ടിമറിക്കുന്നതാണു നിർദേശമെന്നാണു വിമർശനം. ഐസിഎംആറിന്റെ തന്നെ ഭാഗമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേർന്നു ഭാരത് ബയോടെക് വികസിപ്പിച്ച ‘കോവാക്സിൻ’ എന്ന മരുന്നാണു മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.  എന്നാൽ, വാക്സിൻ ഓഗസ്റ്റിൽ ലഭ്യമാക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ഡോ.ബൽറാം ഭാർഗവ് വിവിധ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ നിർദേശിച്ചതാണു വിവാദമായത്. ക്ലിനിക്കൽ ട്രയൽ നടത്താൻ തിരഞ്ഞെടുക്കപ്പെട്ട 12 സ്ഥാപനങ്ങൾക്കും വാക്സിൻ നിർമിച്ച ഭാരത് ബയോടെക്കിനും ഐസിഎംആർ നൽകിയ കത്തിൽ പറയുന്നത്: വാക്സിൻ പരീക്ഷിക്കാൻ വേണ്ട വൊളന്റിയർമാരുടെ റജിസ്ട്രേഷൻ അടക്കം ജൂലൈ 7നുള്ളിൽ പൂർത്തിയാക്കണം. പരീക്ഷണ നടപടികൾ ഉന്നതകേന്ദ്രങ്ങൾ നിരീക്ഷിക്കുന്നുണ്ട്, വീഴ്ചയുണ്ടാകുന്നതു ഗൗരവമായി പരിഗണിക്കും. ഐസിഎംആർ തന്നെയാണു കത്ത് നൽകിയതെന്നും ട്രയൽ അതിവേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഐസിഎംആർ വക്താവ് രജനികാന്ത് ശ്രീവാസ്തവ അറിയിച്ചു.

പരീക്ഷണം 12 ഇടങ്ങളിൽ

മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സാധ്യതാ വാക്സിനായ കോവാക്സിൻ രാജ്യത്ത12 പ്രമുഖ ആശുപത്രികളിലെ തിരഞ്ഞെടുക്കപ്പെട്ട വൊളന്റീയർമാരിലാണ് പരീക്ഷിക്കുക. വിശാഖപട്ടണം കിങ് ജോർജ് ആശുപത്രി, റോത്തക് പിജിഐഎംഎസ്, ഡൽഹി എയിംസ്, പട്ന എയിംസ്, ബെൽഗാം ജീവൻരേഖ ഹോസ്പിറ്റൽ, നാഗ്പുർ ഗില്ലൂർക്കർ ആശുപത്രി, ഗൊരഖ്പുർ റാണ ഹോസ്പിറ്റൽ, ചെങ്കൽപ്പേട്ട് എസ്ആർഎം മെഡിക്കൽ കോളജ്, തെലങ്കാന നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭുവനേശ്വർ എസ്‍യുഎം സർവകലാശാല, കാൻപുർ പ്രഖർ ആശുപത്രി, ഗോവ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് വാക്സിൻ പരീക്ഷണം.

പരീക്ഷണം: സൈകോവ്–ഡിക്കും അനുമതി

ന്യൂഡൽഹി∙ മനുഷ്യരിൽ വാക്സിൻ പരീക്ഷിക്കാൻ അഹമ്മദാബാദ് ആസ്ഥാനമായ മരുന്നു നിർമാണ കമ്പനി സൈഡസ് കാഡിലയ്ക്കും ഡ്രഗ് കൗൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി.  സൈകോവ്–ഡി എന്ന സാധ്യതാ വാക്സിന്റെ പ്രീ ക്ലിനിക്കൽ പരീക്ഷണം വിജയകരമായിരുന്നെന്നും 3 മാസം കൊണ്ടു മനുഷ്യരിലെ പരീക്ഷണം പൂർത്തിയാക്കാൻ കഴിയുമെന്നും സൈഡസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com