Monday, October 7, 2024
Google search engine
HomeCovid-19കേരളത്തിൽ 1420 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 1715 പേർക്ക് രോഗമുക്തി

കേരളത്തിൽ 1420 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 1715 പേർക്ക് രോഗമുക്തി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക്സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാംപിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 485 പേർക്ക് രോഗം ബാധിച്ചു. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവർത്തകർക്കും രോഗം. ഇന്ന് 787 പേർക്ക് ഇവിടെ രോഗം ഭേദമായി

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 485

കൊല്ലം 41

പത്തനംതിട്ട 38

ഇടുക്കി 41

ആലപ്പുഴ169

കോട്ടയം 15

എറണാകുളം 101

തൃശൂർ 64

പാലക്കാട് 39

കോഴിക്കോട് 173

കണ്ണൂർ 57

മലപ്പുറം 114

കാസർകോട് 73

വയനാട് 10

കാലവർഷക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഇടുക്കി രാജമലയിലെ സംഭവത്തിൽ 26 പേർ മരിച്ചു. വെള്ളിയാഴ്ച 15ഉം ശനിയാഴ്ച 11 മൃതദേഹങ്ങളും കണ്ടെടുത്തു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. കരിപ്പൂരിലെ വിമാനദുരന്തത്തിൽ 18 പേർ മരിച്ചു. ഒരോ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് അഭിമുഖീകരിക്കുന്നത്.

രാജമലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കും. പോസ്റ്റുമോർട്ടം നടപടികൾ അതിവേഗം നടക്കുന്നു. ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവർ അവിടെ ക്യാംപ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. 78 പേർ അപകടത്തിൽ പെട്ടവരിൽ 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും രാവിലെ തന്നെ പുനരാരംഭിച്ചു. എൻഡിആർഎഫിന്റെ രണ്ടു ടീമുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പൊലീസ്, അഗ്നിശമന സേന, തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടകാരും രംഗത്തുണ്ട്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് ചതുപ്പ് രൂപപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം വൈകുന്നു.

പെട്ടമുടിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞ് മരങ്ങൾ കടപുഴകി കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇടുക്കി ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒഴുകിപ്പോയി. കട്ടപ്പറയാറിന്റെ ുദ്ഭവ കേന്ദ്രമായ ചെകുത്താൻ മലയിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടി. ജില്ലയിൽ 4 താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസക്യാംപുകൾ തുറന്നു.

കരിപ്പൂർ വിമാനാപകടം നടന്ന സ്ഥലവും കേഴിക്കോട് മെഡിക്കൽ കോളജും ഗവർണർക്കും സ്പീക്കർക്കും സഹമന്ത്രിമാർക്കും ഒപ്പം സന്ദർശിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അപകടത്തിൽപെട്ടവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. വ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷൻ വകുപ്പും വിമാനയാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കും. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ അപകടത്തിൽപ്പെട്ടവരുടെ ചികിത്സ ഉറപ്പാക്കാൻ ജില്ലാ അധികാരികളെ ചുമതലപ്പെടുത്തി. വിമാനത്തിൽ ഉണ്ടായിരുന്ന 190 പേരിൽ 18 പേരാണ് മരിച്ചത്. ഇവരിൽ 14 പേർ മുതിർന്നവരും 4 കുട്ടികളുമാണ്.

രക്ഷാപ്രവർത്തനം അദ്ഭുതകരമായ വേഗത്തിലാണ് പൂർത്തിയാക്കിയത്. അതിൽ പങ്കെടുത്തവരെ അഭിനന്ദിക്കുന്നു. മഴ വ്യാപകമായ സാഹചര്യത്തിൽ വിവിധ ക്യാംപുകളിൾ 3530 കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്. മൊത്തം 11,444 പേർ ക്യാംപുകളിലുണ്ട്. ഏറ്റവും കൂടുതൽ പേർ വയനാട് ജില്ലയിലാണ്. 43 ക്യാംപുകളിലായി 1018 പേർ പത്തനംതിട്ട ജില്ലയിലുണ്ട്. കോട്ടയത്ത് 38 ക്യാംപുകളിലായി 801 പേരുണ്ട്. മലപ്പുറത്ത് 18 ക്യാംപുകളിലായി 890 പേർ. സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാർ റിസർവോയറിൽ ക്യാച്ച്മെന്റോറിയത്തിൽ ജലനിരപ്പ് വളരെവേഗം ഉയരുകയാണ്.

ഈ സമയത്തിനുള്ളിൽ 7 അടി ജലനിരപ്പാണ് ഉയർന്നത്. ഇനിയും ഉയർന്നേക്കും. 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിൽ എത്തുന്ന ജലം ടണൽ വഴി വൈഗേയിലെത്തിക്കുക എന്ന നിർദേശം നൽകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. തിരുവനന്തപുരത്ത് 187 വീടുകൾ ഭാഗികമായും 37 വീടുകൾ പൂർണമായും തകർന്നു. വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽകണ്ട് കൊല്ലത്തു നിന്നും രക്ഷാപ്രവർത്തകർ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.

പത്തു വള്ളങ്ങൾ കയറ്റിയ ലേറികളിൽ 20 മത്സ്യത്തൊഴിലാളികളാണ് കൊല്ലം ഹാർബറിൽ നിന്ന് തിരിച്ചത്. പത്തനംതിട്ട ജില്ലയിൽ 51 ദുരിതാശ്വാസ ക്യാംപ് തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളുടെ സ്പിൽവേകൾ തുറന്നു. ചാലക്കുടി താലുക്കിൽ 6 ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകൾ തുറന്നു. വാളയാർ ഡാമും തുറക്കാൻ മുന്നറിയിപ്പ് നൽകി. നിലമ്പൂർ മുതൽ നാടുകാണി വരെയുള്ള ഗതാഗതം രാത്രി 8 മുതൽ രാവിലെ 6 വരെ നിരോധിച്ചു.

ഒമ്പത് പ്രദേശങ്ങളിൽ രക്ഷാപ്രവപർത്തകരെ നിയോഗിച്ചു. വയനാട്ടിൽ 72 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മഴ തുടരുകയാണെങ്കിൽ ബാണാസുര ഡാം ഷട്ടറുകൾ തുറക്കേണ്ടി വരും. അതിശക്തമായ മഴ ഉണ്ടായാൽ പനമരം പുഴയിൽ ഉണ്ടാകാൻ ഇടയുള്ള പ്രളയം ഒഴിവാക്കാൻ കാരാപ്പുഴ ഡാമിൽ നിന്ന് കൂടുതൽ ജലം ഒഴുക്കിവിടേണ്ടി വരും. കണ്ണൂരിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയർന്നു. ജില്ലകളിലെ എല്ലാ ചെങ്കൽ, കരിങ്കൽ ക്വാറികളിലെ പ്രവർത്തനം ഓഗസ്റ്റ് 14 വരെ വിലക്കി. കാസർകോട് ചൈത്രവാഹിനിപ്പുഴ കരവകവിഞ്ഞു, കാരിങ്കോട് പുഴയിൽ വെള്ളം ഉയരാൻ സാധ്യത.

അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മുന്നിൽ കണ്ണുകൊണ്ട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ട്. ഇവിടെ അതതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50–60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com