മുംബൈ, ചെന്നൈ, ബെംഗളൂരു∙ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്ന് മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള സംസ്ഥാനത്ത് 3493 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,01,141. രോഗികളിൽ പകുതിയിലേറെയും മുംബൈയിൽ. 12 ദിവസത്തിനിടെ 750–ൽ അധികം പേരാണ് നഗരത്തിൽ മാത്രം മരിച്ചത്. 127 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 3717. രോഗികളുടെ എണ്ണം 50,000 ആകാൻ 75 ദിവസം എടുത്തെങ്കിൽ രണ്ടാമത്തെ അരലക്ഷം രോഗികൾ 18 ദിവസത്തിനിടെ. രോഗവ്യാപന ഭീഷണി കൂടിയെങ്കിലും ലോക്ഡൗൺ ഇളവുകൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
തമിഴ്നാട്ടിൽ രണ്ടാഴ്ചയ്ക്കിടെ 20,000 കോവിഡ് രോഗികളും ഇരുനൂറിലേറെ മരണങ്ങളും. 1982 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 40698. 18 പേർ കൂടി മരിച്ചതോടെ ആകെ മരണം 367. ചെന്നൈയിൽ മാത്രം 1477 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ സെക്രട്ടറി ബീലാ രാജേഷിനെ മാറ്റി ജെ. രാധാകൃഷ്ണനെ പകരം നിയമിച്ചു.
ചെന്നൈയിൽ ഉൾപ്പെടെ വീണ്ടും സമ്പൂർണ ലോക്ഡൗൺ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. ലോക്ഡൗൺ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. ചെന്നൈ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ 43 എംബിബിഎസ് വിദ്യാർഥികൾക്കു കോവിഡ്. 56 വിദ്യാർഥികളാണ് ഇവിടെയുള്ളത്.
7 പേർ കൂടി മരിച്ചതോടെ കർണാടകയിൽ കോവിഡ് മരണം 79. പുതിയ രോഗികൾ 271. സംസ്ഥാനത്തെ ആകെ രോഗികൾ 6516. വിമാന, ട്രെയിൻ യാത്രക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധമല്ലെന്നും വേണ്ടവർ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയെന്നും കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം. 12 ദിവസത്തിനിടെ ബെംഗളൂരു നഗരപരിധിയിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 36ൽ നിന്നു 113 ആയി ഉയർന്നു. നഗരത്തിൽ രോഗികൾ ഏറുന്നതിനാൽ കണ്ഠീരവ സ്റ്റേഡിയം ക്വാറന്റീൻ കേന്ദ്രമാക്കാൻ നീക്കം.
മഹാരാഷ്ട്രയിൽ ഒരു മന്ത്രിക്ക് കൂടി രോഗം
മുംബൈ ∙ മഹാരാഷ്ട്രയിൽ ഒരു മന്ത്രിക്കു കൂടി കോവിഡ്. സാമൂഹിക ക്ഷേമ മന്ത്രിയും എൻസിപി േനതാവുമായ ധനഞ്ജയ് മുണ്ടെയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ പാചകക്കാരൻ, ഡ്രൈവർമാർ, പിഎ എന്നിവർക്കു നേരത്തെ രോഗം ബാധിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മുണ്ടെ. കഴിഞ്ഞയാഴ്ച സംസ്ഥാന മന്ത്രിസഭാ യോഗത്തിലും 2 ദിവസം മുൻപ് എൻസിപി സ്ഥാപകദിന പരിപാടിയിലും മുണ്ടെ പങ്കെടുത്തിരുന്നു. ഇരുയോഗങ്ങളിലും പങ്കെടുത്ത നേതാക്കൾ ആശങ്കയിലാണ്. മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ സഹോദരപുത്രനാണ് ധനഞ്ജയ് മുണ്ടെ. 2013ലാണ് എൻസിപിയിൽ ചേർന്നത്.