ന്യൂഡൽഹി: സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഏഴുകോടിയോളം ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി 1,000ാമത് പോസ്റ്റുമായി വീണ്ടും. 2008ലെയും 2020ലെയും രണ്ടു ചിത്രങ്ങൾ മുഖാമുഖം നിൽക്കുന്നതാണ് പോസ്റ്റ്. ‘‘ഇതിനിടെ പാഠങ്ങൾ പലതു പഠിച്ചു.
നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി’’- അടിക്കുറിപ്പായി കോഹ്ലി കുറിച്ചു. ചിത്രം പുറത്തുവന്നതോടെ ബോളിവുഡ് താരമായ ഭാര്യ അനുഷ്കയും ദേശീയതാരം ഹർഭജൻ സിങ്ങുമുൾപ്പെടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. 2008ൽ ഏകദിനത്തിൽ അരങ്ങേറിയ കോഹ്ലി ഒരു വ്യാഴവട്ടത്തിനിടെ എണ്ണമറ്റ റെക്കോഡുകളാണ് തകർത്തത്.
ലോകകപ്പ് നേടിയ അണ്ടർ-19 ടീമിെൻറ നായകനായിരുന്ന താരം 2011ലെ ലോകകപ്പ് നേട്ടത്തിലും പങ്കാളിയായി. എം.എസ്. ധോണിയിൽനിന്ന് പിന്നീട് ടീമിെൻറ നായകത്വം ഏറ്റെടുത്തു. ഇതുവരെ 86 ടെസ്റ്റുകൾ കളിച്ച് 7240 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 248 മത്സരങ്ങളിലായി നേടിയത് 11867 റൺസ്.