ബഗ്ദാദ്: ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെയുള്ള റോക്കറ്റ് ആക്രമണം വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ശനിയാഴ്ച രാത്രിയാണ് ബഗ്ദാദിലെ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നാലെ എംബസിയിലെ കിഴക്കൻ കവാടത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇറാഖിലെ അമേരിക്കൻ എംബസിക്കും മറ്റ് സൈനിക കേന്ദ്രങ്ങൾക്കും നേരെ നിരവധി റോക്കറ്റ് ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ജൂണിൽ മാത്രം യു.എസ് എംബസിക്ക് നേരെ ആറു തവണ റോക്കറ്റ് ആക്രമണമുണ്ടായി. രണ്ടാഴ്ച മുമ്പ് ബഗ്ദാദിലെ യു.എസ് സേനാ കേന്ദ്രത്തിനും രാജ്യാന്തര വിമാനത്താവളത്തിനും നേരെ റോക്കറ്റ് തൊടുത്തുവിടുന്ന ആഭ്യന്തര സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇറാഖ് സേന പരിശോധന നടത്തിയിരുന്നു.
ഇറാൻ പിന്തുണക്കുന്ന സായുധ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.