സിനിമയില്‍ മദ്യപിച്ച് അഭിനയിക്കുന്ന രംഗങ്ങളിൽ പലപ്പോഴും മദ്യത്തിന് പകരം ജ്യുസോ മറ്റു ശീതളപാനീയമോ ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ ഇതേ രംഗത്തിലെ സ്വാഭാവികഅഭിനയത്തിനായി ചില താരങ്ങൾ ഒറിജിനൽ മദ്യം കഴിച്ചും അഭിനയിക്കാറുണ്ട്. അതുപോലൊരു സംഭവമാണ് ബോഗൻ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിൽ നടന്നത്. ഹൻസികയുടെ ഒരു രംഗമാണ് ചിത്രീകരിക്കേണ്ടത്. അണിയറപ്രവർത്തകർ നോക്കുമ്പോൾ കാണുന്നത് മദ്യപിച്ച് ലൊക്കേഷനിലെത്തിയ ഹൻസികയെ. എല്ലാവരും ഒന്ന് ഞെട്ടിയെന്ന് പറയാം. ഷൂട്ടിങ് മുടങ്ങുമെന്ന നിലയിലേക്കായി കാര്യങ്ങൾ. യൂണിറ്റ് അംഗങ്ങളെല്ലാം വിഷമത്തിലായി.എന്നാൽ സത്യത്തിൽ ചിത്രത്തിലെ രംഗം കൂടുതൽ മികവുറ്റതാക്കാൻ സെറ്റിൽ മദ്യപിച്ചതായി അഭിനയിക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെടുന്ന ഒരു രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാൽ ഷൂട്ടിങിനായി തയ്യാറെടുത്തപ്പോൾ താരത്തിന് ആകെ പേടി. ജീവിതത്തിലൊരിക്കലും മദ്യം കഴിച്ചിട്ടില്ലെന്ന് ഹൻസിക പറയുന്നു. അതുകൊണ്ടുതന്നെ ആ രംഗത്തിൽ ഒരുപാട് പേടിച്ചാണ് ഹൻസിക അഭിനയിച്ചത്. അതേ രംഗത്തിനായി ഒരുപാട് കഷ്ടപ്പെട്ടെന്നും പത്തുദിവസം കൊണ്ടാണ് അത് ചിത്രീകരിച്ചതെന്നും ഹൻസിക വ്യക്തമാക്കി. സീൻ ചിത്രീകരിച്ച് കഴിഞ്ഞപ്പോൾ ജയം രവി മുതൽ സിനിമയിലെ ലൈറ്റ്മാനോട് പോലും രംഗം നന്നായോ എന്ന് ചോദിച്ച് നടക്കുകയായിരുന്നു ഹൻസിക. ഇതുപോലെ തന്നെയാണോ മദ്യപാനികൾ കാണിച്ചുകൂട്ടുന്നതെന്നായിരുന്നു ഹൻസികയുടെ സംശയം. പിന്നീട് സിനിമയുടെ നിർമാതാവ് കൂടിയായ പ്രഭുദേവ ഹൻസികയെ ചിത്രം കണ്ടതിന് ശേഷം ഫോൺവിളിച്ച് അഭിനന്ദിക്കുകയായിരുന്നു. വളരെ ഭംഗിയായി ഹൻസിക ആ രംഗത്തിൽ അഭിനയിച്ചെന്നും ഹൻസിക തന്നെയാണെന്ന് വിശ്വസിക്കാനായില്ലെന്നും പ്രഭുദേവ ഹൻസികയോട് പറഞ്ഞു. അപ്പോഴാണ് നടിയ്ക്ക് സമാധാനമായത്. അരവിന്ദ് സ്വാമിയും ജയം രവിയും നായകന്മാരായി എത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.