Thursday, January 23, 2025
Google search engine
HomeUncategorizedസമ്മതം എന്ന വാക്കിന്റെ അർഥം പോലും അവർക്കറിയില്ല'; നൂറോളം മാനഭംഗക്കേസ് പ്രതികളോടു സംസാരിച്ച ഗവേഷകയുടെ വെളിപ്പെടുത്തൽ

സമ്മതം എന്ന വാക്കിന്റെ അർഥം പോലും അവർക്കറിയില്ല’; നൂറോളം മാനഭംഗക്കേസ് പ്രതികളോടു സംസാരിച്ച ഗവേഷകയുടെ വെളിപ്പെടുത്തൽ

വർഷം 2012. മാസം ഡിസംബർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു താൻ ജനിച്ചുവളർന്ന നഗരത്തിലേക്ക് ആയിരക്കണക്കിനു ജനങ്ങൾ കൂട്ടത്തോടെ നടന്നടുക്കുന്നതു മധുമിത പാണ്ഡേ കണ്ടു. അവരുടെ കണ്ണുകളിൽ രോഷം കത്തിയെരിഞ്ഞു. അവർ മുഷ്ടി ചുരുട്ടി മുദ്രവാക്യങ്ങൾ വിളിച്ചു. രാജ്യതലസ്ഥാനത്തെ ജീവിതം നിശ്ചലമാക്കി അവർ കൂട്ടത്തോടെ പ്രവഹിച്ചുകൊണ്ടിരുന്നു. അവർ ആവശ്യപ്പെട്ടതു നീതി. തങ്ങളുടെ സഹോദരിയുടെ മൗലികാവകാശങ്ങൾ. സുഹൃത്തിനൊപ്പം സിനിമ കണ്ടു മടങ്ങുമ്പോൾ ബസിൽ ക്രൂരമാനഭംഗത്തിനിരയായി മരിച്ച നിർഭയയ്ക്കുവേണ്ടിയാണവർ ശബ്ദമുയർത്തിയത്. ഒരു പെൺകുട്ടിക്കു പേടിയില്ലാതെ പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യമാണവർ ആവശ്യപ്പെട്ടത്. അക്ഷരാർഥത്തിൽ ഇന്ത്യയുടെ തലസ്ഥാനം പ്രതിഷേധത്താൽ പ്രകമ്പനം കൊണ്ടു. അപ്പോൾ മധുമിത ഇംഗ്ലണ്ടിൽ. താൻ ജനിച്ചുവളർന്ന നഗരത്തിൽ സ്ത്രീകൾക്കു പുറത്തിറങ്ങാൻപോലും കഴിയുന്നില്ലല്ലോ എന്ന യാഥാർഥ്യം ഡൽഹി സ്വദേശിനിയായ മധുമിതയെ വിഷമിപ്പിച്ചു.  ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതിപ്പ് കുറയുന്നതവർ കണ്ടു. ബിരുദാനന്തര ബിരുദ പഠനത്തിന്റെ അവസാന വർഷങ്ങളിലായിരുന്നു മധുമിത. എന്തിനാണു പുരുഷൻമാർ പെൺകുട്ടികളോട് ഇങ്ങനെ പെരുമാറുന്നത്. എല്ലാവരും അവരെ ഭീകരൻമാരെന്നു മുദ്രകുത്തുന്നു– മാനഭംഗം ചെയ്യുന്നവരെ. സാധാരണ മനുഷ്യർക്ക് ഇത്തരം കുറ്റകൃത്യം ചെയ്യാൻ കഴിയുമോയെന്ന് എല്ലാവരും അത്ഭുതപ്പെടുന്നു. പക്ഷേ, സത്യം എന്താണ് ? മധുമിത സ്വയം ചോദിച്ചു. നിർഭയ സംഭവത്തെത്തുടർന്നു മാനഭംഗത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചു രാജ്യം ചർച്ച ചെയ്തു. മധുമിതയും സ്വയം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്ന മാനഭംഗ കുറ്റവാളികളെ നേരിൽകാണാൻ അവർ‌ തീരുമാനിച്ചു. വിവിധ ജയിലുകളിലെ നൂറോളം കുറ്റവാളികളെ നേരിൽകണ്ടു മധുമിത. ഡൽഹി തീഹാർ ജയിലിൽ ആഴ്ചകളോളം അവർ കുറ്റവാളികളുമായി ആശയവിനിമയം നടത്തി. പ്രതീകാത്മക ചിത്രം. കുറ്റവാളികളിൽ ഭൂരിപക്ഷവും വിദ്യാഭ്യാസമില്ലാത്തവർ.ഹൈസ്കൂൾ കടന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.മൂന്നാം ക്ലാസിലും നാലാം ക്ലാസിലും മറ്റും പഠിത്തം നിർത്തിയവരാണു ഭൂരിപക്ഷവും. മാനഭംഗക്കേസിലെ പ്രതികളെ കാണാൻപോകുമ്പോൾ പലരും ഭീകരൻമാരാണെന്നാണു ഞാനും വിചാരിച്ചത്. സംസാരിച്ചപ്പോൾ അവരും സാധാരണ മനുഷ്യരാണെന്ന് മനസ്സിലായി. വളർന്നുവന്ന സാഹചര്യത്തിന്റെയും തെറ്റായ ചിന്താഗതിയുടെയും ഫലമായാണ് പലരും തെറ്റുകൾ ചെയ്തത്: മധുമിത പറയുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം കുടുംബങ്ങളിലും യാഥാസ്ഥിതിക രീതിയിലാണു പെൺകുട്ടികളെ വളർത്തുന്നത്. പലരും ഭർത്താക്കൻമാരെ പേരുചൊല്ലി വിളിക്കാറുപോലുമില്ല. ഒരു പരീക്ഷണത്തിനായി ചില കൂട്ടുകാരെ വിളിച്ചു ഞാൻ ചോദിച്ചു:നിങ്ങളുടെ അമ്മമാർ അച്ഛൻമാരെ എന്താണു വിളിക്കുന്നത്.  കേൾക്കുന്നുണ്ടോ. ഇതു കേൾക്കൂ. അല്ലെങ്കിൽ റോണകിന്റെ അച്ഛൻ എന്ന്. (റോണക് കുട്ടിയുടെ പേര് )..ഇങ്ങനെയൊക്കെയാണു പലരും തങ്ങളുടെ പങ്കാളികളെ വിളിക്കുന്നത്.  പുരുഷത്വത്തെക്കുറിച്ചു പുരുഷൻമാരുടെ ധാരണകളും വികലമാണ്. പെൺകുട്ടികൾ പഠിക്കുന്നത് ഒതുങ്ങിക്കൂടി ജീവിക്കാൻ. ഇങ്ങനെയുള്ള സമൂഹത്തിൽ കുറ്റവാളികൾ സ്വാഭാവികമായും ജനിക്കുന്നു.  പലരും കരുതുന്നത് ഈ കുറ്റവാളികൾ വേറെ ഏതോ ലോകത്തുനിന്നു വന്നവരാണെന്ന്. അതു സത്യമല്ല.അവർ നമുക്കിടയിൽത്തന്നെയുള്ളവർ. പലർക്കും തങ്ങൾ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവമറിയില്ല. പരസ്പര സമ്മതം എന്താണെന്നുപോലും അറിവില്ലാത്തവരുണ്ട്. ഈ കുറ്റവാളികൾ മാത്രമാണോ പ്രതികൾ. അതോ തെറ്റായ ധാരണ പുലർത്തുന്ന എല്ലാ പുരുഷൻമാരുമോ ? മധുമിത തന്നോടുതന്നെ ചോദിച്ചു. ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലം ഇപ്പോഴും വളരെ പഴഞ്ചനാണ്. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന് ഇന്നും സ്ഥാനമില്ല.അത്തരം വിഷയങ്ങൾ കുട്ടികളെ വഴിതെറ്റിക്കുമെന്നു വിചാരിക്കുന്നു നിയമനിർമാതാക്കൾ. ലൈംഗികാവയവങ്ങളുടെ പേരുപോലും വീട്ടിൽ ആരും ഉറക്കെപറയില്ല. ഇത്തരം യാഥാസ്ഥിതിക വിശ്വാസങ്ങൾ മറികടക്കാതെ എങ്ങനെ കുട്ടികൾ മികച്ചവരാകും: മധുമിത ചോദിക്കുന്നു. പ്രതീകാത്മക ചിത്രം. കുറ്റവാളികളോടു സംസാരിച്ചപ്പോൾ പലരും തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിച്ചു. മാനഭംഗം നടന്നിട്ടേയില്ല എന്നും ചിലർ വാദിച്ചു. പശ്ചാത്തപിക്കുന്നു എന്നു തുറന്നുപറഞ്ഞവർ മൂന്നോ നാലോ മാത്രം. മറ്റുള്ളവരെല്ലാം സാഹചര്യത്തെ പഴിചാരി. ഇരയെ കുറ്റപ്പെടുത്തി. ഒരു കുറ്റവാളിയോടുള്ള സംസാരം ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്ക് നയിച്ചു മധുമിതയെ. 49 വയസ്സുണ്ട് പ്രതിക്ക്. അഞ്ചുവയസ്സുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതിന്റെ പേരിൽ അയാൾ പശ്ചാത്തപിച്ചു. അതേ, എനിക്കു വിഷമമുണ്ട്. ഞാനവളുടെ ജീവിതം നശിപ്പിച്ചു. കന്യകയല്ലാത്ത ആ കൂട്ടിയെ ഇനി ആരും വിവാഹം കഴിക്കില്ല. ജയിലിൽനിന്നു പുറത്തിറങ്ങിയാൽ ഞാൻ ആ കുട്ടിയെ സ്വീകരിക്കാൻ തയ്യാറാണ്. ഈ വാക്കുകൾ കേട്ട മധുമിത ഇരയെ തേടി ഇറങ്ങി. അലച്ചിലിനൊടുവിൽ ആ കുട്ടിയുടെ വീട് മധുമിത കണ്ടുപിടിച്ചു. കുട്ടിയുടെ അമ്മയോടു സംസാരിച്ചു. കേസിലെ പ്രതി ജയിലിലാണെന്നുപോലും കുടുംബത്തെ ആരും അറിയിച്ചിട്ടില്ലെന്നാണു കണ്ടെത്താനായത്.  ഏതാനും മാസങ്ങൾക്കകം തന്റെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കാനാണ് മധുമിതയുടെ പദ്ധതി. പക്ഷേ എതിർപ്പുമുണ്ടത്രേ. ഇതാ ഒരു ഫെമിനിസ്റ്റ് വരുന്നു എന്ന രീതിയിലാണു പലരും ഗവേഷകയെ കാണുന്നത്. പുരുഷൻമാരെ തെറ്റിധരിപ്പിക്കാനാണു ഗവേഷണമെന്നും ചിലർ കരുതുന്നു.ഞാൻ എവിടെ തുടങ്ങും: മധുമിത ചോദിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com