Friday, April 26, 2024
Google search engine
HomeUncategorizedഅവർ മോശമായി പെരുമാറിയില്ല; ഒറ്റവസ്ത്രത്തിൽ ഒന്നര വർഷം

അവർ മോശമായി പെരുമാറിയില്ല; ഒറ്റവസ്ത്രത്തിൽ ഒന്നര വർഷം

വത്തിക്കാൻ സിറ്റി ∙ യെമനിലെ ഭീകരരുടെ തടവിൽനിന്ന് ഒന്നരവർഷത്തിനു ശേഷം മോചിതനായ ഫാ.ടോം ഉഴുന്നാലിൽ ഇന്നലെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടി. ഒമാനിൽനിന്നു റോമിലെത്തിയ ഫാ.ടോം, സലേഷ്യൻ സഭാധികൃതർക്കൊപ്പമാണു മാർപാപ്പയെ കണ്ടത്. മാർപാപ്പയുടെ പതിവു പൊതുസന്ദർശന പരിപാടിക്കു ശേഷം സ്വകാര്യച്ചടങ്ങിൽ ആയിരുന്നു കൂടിക്കാഴ്ച. മുന്നിൽ മുട്ടുകുത്തിയ ഫാ. ടോമിനെ മാർപാപ്പ തലയിൽ കൈവച്ച് ആശീർവദിക്കുന്ന ചിത്രം വത്തിക്കാൻ അധികൃതർ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയവർ ഒരിക്കൽപോലും മോശമായി പെരുമാറിയിട്ടില്ലെന്നു ഫാ.ടോം പറഞ്ഞു. പ്രമേഹത്തിനുള്ള മരുന്നുകളും അവർ നൽകിയതായി തടവറയിലെ അനുഭവങ്ങൾ വത്തിക്കാനിൽ സലേഷ്യൻ സഭാംഗങ്ങളോടു പങ്കുവയ്ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഒന്നരവർഷവും ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ തന്നെ സ്ഥലംമാറ്റിയിരുന്നു. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവർ അറബിക്കാണു സംസാരിച്ചിരുന്നത്. അതിനാൽ അവരുമായി ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. അവർക്കു വശമുള്ള അൽപം ചില ഇംഗ്ലിഷ് വാക്കുകൾ കൊണ്ടായിരുന്നു സംസാരമത്രയും. തെക്കൻ യെമനിലെ ഏഡനിലെ മിഷണറീസ് ഓഫ് ചാരിറ്റി നടത്തിയിരുന്ന വൃദ്ധസദനത്തിനു നേരെ ഭീകരാക്രമണം നടക്കുമ്പോൾ അവിടത്തെ ചാപ്പലിലായിരുന്നു താൻ. അവിടെ നിന്നാണു തട്ടിക്കൊണ്ടുപോകുന്നത്. തടവിനിടെ പ്രാർഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. കുർബാനയിലെ പ്രാർഥനകളും പ്രതിവചനങ്ങളും മനസ്സിൽ ഉരുവിടും. തടവിനിടെ താൻ കൊല്ലപ്പെടുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ല. ഭീകരാക്രമണം നടക്കുന്നതിന്റെ തലേന്ന് ഏഡനിലെ മിഷണറീസ് ഓഫ് ചാരിറ്റിയിൽ നടന്ന ഒരു സംഭവം അദ്ദേഹം അനുസ്മരിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു വിവരിക്കുന്നതിനിടെ, ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതാകും ഇതിലും നല്ലതെന്നു ഡയറക്ടർ പറഞ്ഞു. എന്നാൽ തനിക്കു ക്രിസ്തുവിനുവേണ്ടി ജീവിക്കണം എന്നായിരുന്നു അവിടെയുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന്റെ പ്രതികരണം. ഈ പ്രതികരണം നടത്തിയയാൾ പിറ്റേന്ന് ആക്രമണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു – ഫാ.ടോം പറഞ്ഞു.  ഇനി സലേഷ്യൻ സഭയുടെ സ്നേഹത്തടവിൽ വത്തിക്കാൻ സിറ്റി ∙ തടവറ ജീവിതത്തിനു ശേഷം മോചിതനായി വത്തിക്കാനിലെത്തിയ ഫാ.ടോം ഉഴുന്നാലിലിന്റെ ആദ്യ ആവശ്യം സലേഷ്യൻ സഭയുടെ ചാപ്പലിൽ പ്രാർഥിക്കണമെന്നായിരുന്നു. അതിനുശേഷം കുമ്പസാരിച്ചു കുർബാന കൈക്കൊള്ളണമെന്നും ആഗ്രഹമറിയിച്ചു. എന്നാൽ വൈദ്യപരിശോധനകൾ ആദ്യം നടത്തേണ്ടതുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്കായി ജീവനക്കാർ എത്തുന്നതുവരെ കുമ്പസാരിക്കാനുള്ള ആഗ്രഹവും അദ്ദേഹം അറിയിച്ചു. ഒമാനിൽ നിന്നു നേരെ വത്തിക്കാനിൽ സലേഷ്യൻ സഭാ കേന്ദ്രത്തിലെത്തിയ ഫാ.ടോമിനു കേരളീയവിഭവങ്ങൾ ഒരുക്കിയ വിരുന്നോടെയാണു സഭാംഗങ്ങൾ സ്വീകരിച്ചത്. വൈകിട്ട് ആറിനു ഫാ.ഫ്രാൻസെസ്കോ സെറെഡയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചായിരുന്നു സ്വീകരണം. ഫാ.ടോം ഉഴുന്നാലിലിനെ യെമനിലേക്ക് അയയ്ക്കാൻ അനുമതി നൽകിയ അദ്ദേഹത്തിന്റെ മുൻ പ്രഫസർ കൂടിയായ ഫാ.തോമസ് അഞ്ചുകണ്ടമായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com