പാർക്ക് ചെയ്യാൻ ശ്രമിച്ച യുവതി ബ്രേക്കിന് പകരം ആക്സിലേറ്ററിൽ അമർത്തി, കാർ ചെന്നു പതിച്ചത് കരയിൽ നിന്ന് 30 മീറ്റർ അകലെ കടലിൽ. ദുബായ് അൽ മംസാർ ക്രീക്കിലേക്കാണ് അറബ് വനിത ഓടിച്ച കാർ കടലിൽ വീണത്. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. കാർ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പാർക്കിങ് മോഡിലിടാൻ സാധിക്കാതെ വന്നതിനെ തുടർന്ന് മുന്നോട്ട് ചലിച്ച നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ആക്സിലേറ്ററിൽ അമർത്തിയത്. ഇതേ തുടർന്ന കാർ ക്രീക്കിൽ പതിക്കുകയായിരുന്നു
ഡ്രൈവറെ രക്ഷിച്ച പൊലീസ്, കാർ വെള്ളത്തിൽനിന്ന് പുറത്തെടുത്തു. വിവരം ലഭിച്ചയുടൻ സ്ഥലത്തത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തിയതായി ദുബായ് പൊലീസ് മറീൻ റെസ്ക്യു വിഭാഗം ഡയറക്ടർ ലഫ്.കേണൽ അലി അബ്ദുല്ല അൽ ഖാസിബ് അൽ നഖ്ബി പറഞ്ഞു. അപ്പോഴേയ്ക്കും 41കാരിയായ ഡ്രൈവർ കാറിൽ നിന്ന് പുറത്തുകടന്നിരുന്നു
കരയിൽ നിന്ന് 30 മീറ്റർ അകലെ മുങ്ങിയിരുന്ന കാർ ക്രെയിനുപയോഗിച്ചാണ് പുറത്തെടുത്തത്. വാഹനമോടിക്കുമ്പോൾ ഗതാഗത നിയമം പാലിക്കണമെന്നും ജാഗ്രതപാലിക്കണമെന്നും പൊലീസ് നിർദേശിച്ചു