തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോെട നഗരത്തിൽ കർശന നിയന്ത്രണം വേണ്ടിവരുമെന്ന് മേയർ കെ. ശ്രീകുമാർ. വഞ്ചിയൂർ കുന്നുംപുറത്ത് ലോട്ടറി വിൽപനക്കാരനും പാളയം സാഫല്യം കോംപ്ലക്സിലെ ഇതര സംസ്ഥാന തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമേറിയതാണെന്നും ഇതിെൻറ ഭാഗമായി വരും ദിവസങ്ങളിൽ വഞ്ചിയൂർ, പാളയം വാർഡുകൾ കെണ്ടയിൻമെൻറ് സോണായി മാറുമെന്നും മേയർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സാഫല്യം കോംപ്ലക്സ് ഏഴ് ദിവസത്തേക്ക് അടച്ചുപൂട്ടും. ഇതിെൻറ സമീപത്തുള്ള പാളയം മാർക്കറ്റിലും വെള്ളിയാഴ്ചമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ ആരോഗ്യവിഭാഗത്തിെൻറ കൗണ്ടർ മാർക്കറ്റിന് മുന്നിൽ സ്ഥാപിക്കും. മാർക്കറ്റിെൻറ മുന്നിലുള്ള ഗേറ്റ് മാത്രമേ തുറക്കൂ. പിറകിലെ ഗേറ്റ് അടയ്ക്കും. ആളുകളെ നിയന്ത്രിച്ച് മാത്രമേ മാർക്കറ്റിനുള്ളിലേക്ക് കടത്തിവിടൂ. മാർക്കറ്റിന് മുന്നിലുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. ഇപ്പോൾ ചാലയിലും പാളയം മാർക്കറ്റിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മറ്റ് മാർക്കറ്റുകളിൽകൂടി ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.
നഗരത്തിലെ എല്ലാ ഓഫിസുകളിലും കർശന നിയന്ത്രണം കൊണ്ടുവരും. തിരക്ക് അനുഭവപ്പെടുന്ന ബസ് സ്റ്റോപ്പുകളിൽ പൊലീസിെൻറ സഹായത്തോടെ പ്രത്യേക ക്രമീകരണമുണ്ടാക്കും. എല്ലാ സൂപ്പർമാർക്കറ്റുകളിലും അക്ഷയ കേന്ദ്രങ്ങളിലും നിയന്ത്രണം കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ പാളയം, ആയുർവേദ കോളജ്, കുന്നുംപുറം, വഞ്ചിയൂർ ഭാഗങ്ങളിൽ അണുനശീകരണം നടത്തും. നഗരത്തിലെ സുരക്ഷാ മുൻകരുതൽ നടപടികളിൽ എല്ലാവരും സഹകരിക്കണമെന്നും മേയർ അഭ്യർഥിച്ചു.