നെടുമ്പാശേരി∙ തജിക്കിസ്ഥാനിൽ നിന്നു വരുന്നത് ഉൾപ്പെടെ 10 വിമാനങ്ങൾ പ്രവാസികളുമായി ഇന്നു കൊച്ചിയിലേക്ക്. 1,620 പ്രവാസികൾ ഈ വിമാനങ്ങളിൽ നാട്ടിലെത്തും. പുലർച്ചെയാണ് 171 യാത്രക്കാരുമായി തജിക്കിസ്ഥാനിൽ നിന്നു സോളമൻ എയർ വിമാനം എത്തുക. 146 മലയാളികൾ ഈ വിമാനത്തിലുണ്ടാകും. ഇവർക്കു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സ്വദേശികളും ഈ വിമാനത്തിൽ വരും.
മധ്യ ഏഷ്യൻ രാജ്യത്തു നിന്നു കൊച്ചിയിലേക്കുള്ള മൂന്നാമത്തെ രക്ഷാദൗത്യ സർവീസ് ആണിത്. നേരത്തേ അർമീനിയ, കസഖ്സ്ഥാൻ എന്നിവിടങ്ങളിൽ നിന്നു ചാർട്ടർ ചെയ്ത വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. ഇതിനു പുറമേ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനവും പുലർച്ചെ എത്തും. കുവൈത്തിൽ നിന്നു 4 വിമാനങ്ങൾ ഇന്നു വരുന്നുണ്ട് ഗോ എയർ വിമാനങ്ങൾ ഉച്ചയ്ക്കു 2നും 3നും ആണ് എത്തുക. എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് 6.30നും ജസീറ വിമാനം രാത്രി 11.30നും എത്തും.
ഗോ എയറിന്റെ അബുദാബി വിമാനം വൈകിട്ട് 4നും ദോഹ വിമാനം 5നും കൊച്ചിയിലെത്തും. എയർഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനം വൈകിട്ട് 5ന് ദോഹയിൽ നിന്നെത്തും. ഇൻഡിഗോയുടെ ദമാമിൽ നിന്നുള്ള വിമാനം രാത്രി 8.35നു വരും. ഇന്നലെ 7വിമാനങ്ങളിലായി 1,158 യാത്രക്കാരാണ് വിദേശത്തു നിന്നു കൊച്ചിയിലെത്തിയത്. ആഭ്യന്തര സെക്ടറിൽ 11 വിമാനങ്ങൾ കൊച്ചിയിലെത്തി. അത്രയും വിമാനങ്ങൾ ഇവിടെ നിന്നു വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുകയും ചെയ്തു