ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് ഇടപാടുകളും ഉൽപന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക് നിർദേശം. നവീകരണ പ്രവർത്തികളിൽ നിന്ന് ചൈനീസ് ഉൽപന്നങ്ങളെ ഒഴിവാക്കാനും ആവശ്യപ്പെട്ടു. ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ മറ്റു സ്വകാര്യ ടെലികോം കമ്പനികൾ എന്നിവർക്കാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശം നൽകിയത്. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് നിർദേശമെന്നാണ് വിവരം
4ജി നെറ്റ്വർക്കിൻെറ നവീകരണ പ്രവൃത്തികളിൽ ചൈനയുമായി ബന്ധപ്പെട്ട കരാറുകൾ ഉൾപ്പെടെ എല്ലാം പുനപരിശോധിക്കാനും നിർദേശം നൽകി. കഴിഞ്ഞദിവസം കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ചൈനയുടെ ആക്രമണത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് തീരുമാനം. ചൈനീസ് ഉൽപന്നങ്ങളും ആപ്ലിക്കേഷനുകളും ഇന്ത്യയിൽ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു
അതേസമയം, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെഡേഴ്സ് ചൈനീസ് നിർമിത സൗന്ദര്യവർധകവസ്തുക്കൾ, ബാഗുകൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, വാച്ചുകൾ തുടങ്ങി 450 ഓളം ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. ചൈനയിൽനിന്ന് ഉൽപന്നങ്ങളുടെ ഇറക്കുമതി കുറക്കലാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.