കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ്ചണ്ഡിഗഢ്: കോവിഡ് കേസുകളുടെ വർധനവ് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ് സർക്കാർ. ദിവസേന രാത്രി കർഫ്യൂവും സംസ്ഥാനത്തെ 167 നഗരങ്ങളിലും പട്ടണങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണും ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. ആഗസ്റ്റ് 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാത്രി ഏഴുമണിമുതൽ രാവിലെ അഞ്ചു മണിവരെയാകും കർഫ്യു. വിവാഹം, സംസ്കാര ചടങ്ങ് എന്നിവക്ക് പുറമേ ആളുകൾ ഒത്തുചേരുന്നതിന് അനുമതി ഇല്ല. അടിയന്തരാവശ്യത്തിന് അല്ലാത്ത പൊതു, സ്വകാര്യ ഗതാഗതം നിയന്ത്രിക്കും.
ഇന്ന് പ്രഖ്യാപിച്ച അടിയന്തര നടപടികളുടെ ഭാഗമായി സർക്കാർ, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവക്കാരുടെ ഹാജരോടെയാകും പ്രവർത്തിക്കുക. കോവിഡിനെ നേരിടാൻ യുദ്ധസമാനമായ തയാറെടുപ്പിലാണ് സർക്കാറെന്നും അമരീന്ദർ സിങ് പറഞ്ഞു.
നിലവിലുള്ള കേസുകൾ തന്നെ ധാരാളമാണ്. സംസ്ഥാനത്തിൻെറ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതെ അതിനെ നിയന്ത്രിച്ചുകൊണ്ടുപോകേണ്ടതുണ്ട്. കോവിഡ് മൂലം സംസ്ഥാനത്തുണ്ടായ 920 കോവിഡ് ബന്ധിത മരണങ്ങളിൽ ഓരോന്നും തന്നെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 36,083 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 22,703 പേർ രോഗമുക്തി നേടി. 920 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.