Monday, December 23, 2024
Google search engine
HomeIndia‘എന്റെ കുഞ്ഞിനെ അവർ കൊന്നുകളഞ്ഞു; നടിയെ രക്ഷിക്കാൻ ശ്രമം’; കണ്ണീരോടെ റഹീം

‘എന്റെ കുഞ്ഞിനെ അവർ കൊന്നുകളഞ്ഞു; നടിയെ രക്ഷിക്കാൻ ശ്രമം’; കണ്ണീരോടെ റഹീം

കൊട്ടിയം ∙ ‘അവൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു. പലതും അവളുടെ മരണശേഷം മാത്രമാണ് അറിയുന്നത്. എന്റെ ഹൃദയം നുറുങ്ങുന്നുണ്ട്. പത്ത് വർഷത്തോളം ഉള്ള പ്രണയമാണ്. ഹാരിസില്ലാതെ പറ്റില്ലെന്നു പറഞ്ഞതു കൊണ്ടാണ് കല്യാണത്തിനു സമ്മതിച്ചത്. എന്റെ മകൾ സുഖമായിരിക്കട്ടെ എന്ന് മാത്രമേ കരുതിയുള്ളൂ. മരണത്തിനു പിന്നാലെ അവളുടെ ശബ്ദസന്ദേശം പുറത്ത് വന്നതിനു ശേഷമാണ് ഇത്രമാത്രം ദുരിതത്തിലൂടെ എന്റെ കുഞ്ഞ് കടന്നു പോയതായി മനസിലാക്കുന്നതു തന്നെ. എന്റെ മകൾക്ക് നീതി വേണം. അതിന് ഏത് അറ്റം വരെ ഞാൻ പോകും’– വാക്കുകൾ മുറിയുന്നതിനിടയിലും റംസിയുടെ പിതാവ് റഹീം കണ്ണീരോടെ പറഞ്ഞു.

മകളുടെ കല്യാണക്കാര്യം പറഞ്ഞ് പല തവണ ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിയും. ഇളയമകളുടെ കല്യാണം നടത്തണം. വയസ്സിനു മൂത്തവളെ നിർത്തിയിട്ട് ഇളയവളെ പറഞ്ഞയ്ക്കാനാവില്ല. എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോഴാണ് വളയിടൽ ചടങ്ങ് നടത്താമെന്ന് പറഞ്ഞത്. ലക്ഷണക്കിനു രൂപയുടെ സമ്മാനങ്ങളും പള്ളിമുക്കിൽ ഒരു വർഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ തുകയും നൽകിയെന്നും ‘മനോരമ ഓൺലൈനിനോട്’ റഹീം പറഞ്ഞു.

അടുത്തിടെയാണ് സാമ്പത്തികമായി ഭേദപ്പെട്ട ഒരു പെൺകുട്ടിയുമായി ഹാരിസ് അടുപ്പത്തിലാകുന്നത്. ആ പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ഹാരിസിന്റെ തീരുമാനം എന്നറിഞ്ഞ റംസി, ഹാരിസിന്റെ വീട്ടിൽ പോയിരുന്നു. അന്ന് എന്റെ മകളെ അടിച്ച് പുറത്താക്കുകയായിരുന്നു ഹാരിസിന്റെ ഉമ്മ. പണം മോഹിച്ചാണ് പുതിയ ബന്ധത്തിന് അവർ തയാറായതും. എന്റെ കുഞ്ഞിനെ ശാരീരികവും മാനസികവും ദുരുപയോഗിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തവർ മറുപടി പറഞ്ഞേ മതിയാകൂ.

ചതിക്കപ്പെടുകയാണെന്നറിഞ്ഞ എന്റെ പൊന്നുമോൾ ഹൃദയം തകർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്റെ കുഞ്ഞിനെ അവർ കൊന്നു കളഞ്ഞതാണ്. എന്റ കുഞ്ഞിന്റെ മരണത്തിൽ ആ കുടുംബത്തിന് ഒന്നാകെ പങ്കുണ്ട്. അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാതെ എനിക്ക് സമാധാനമായി ഉറങ്ങാനാകില്ല. റംസിയുടെ മരണത്തിൽ ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേർക്കണം.

ഷൂട്ടിങ്ങിനായി പോകുമ്പോൾ പലപ്പോഴും റംസിനെയും നടി കൂടെ കൂട്ടുമായിരുന്നു. കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങൾക്കു ശേഷം ഹാരിസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താൻ അവളെ കൊണ്ടുപോയത് സീരിയൽ നടിയാണ്. അവരെ പൊലീസ് ചോദ്യം ചെയ്യണം– റഹീം പറയുന്നു.

ഗര്‍ഭച്ഛിദ്രം നടത്താനായി മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖ പ്രതികൾ ചമച്ചിരുന്നു .കേസിൽ നിന്ന് സീരിയൽ നടിയെ ഒഴിവാക്കാനായി ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ട്. മരണത്തിന്റെ അന്നും എന്റെ മകൾ ഹാരിസിനെയും ഉമ്മയെയും വിളിച്ചിരുന്നു. മറ്റൊരാളെ കല്യാണം കഴിക്കാനും അതിനു കഴിയില്ലെങ്കിൽ പോയി ചാകാനുമാണ് അവർ എന്റെ മകളോട് പറഞ്ഞത്. നീതി ലഭിക്കും വരെ ഈ പോരാട്ടം ഞാൻ തുടരുക തന്നെ ചെയ്യും– റഹീം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പള്ളിമുക്ക് സ്വദേശി റംസി (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. മരിക്കുന്നതിനു മുൻപ് പ്രതി ഹാരിസും ഹാരിസിന്റെ ഉമ്മയുമായി റംസി ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോൾ എന്നെ വേണ്ടെന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്. എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് പോലും കാണാൻ വരരുതെന്നും റംസി ഹാരിസിനോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com