റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ശനിയാഴ്ച വൈകുന്നേരം ഇൻസ്റ്റാഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ‘നിങ്ങളുടെ പിന്തുണക്കും സ്നേഹത്തിനും നന്ദി, 1929 മണിക്കൂറായിട്ട് ഞാൻ വിരമിച്ചതായിട്ടാണ് കണക്കാക്കുന്നത്’ -ധോണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതോടെ സംഭവ ബഹുലമായ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമാകുന്നത്. അതേസമയം, അടുത്ത മാസം തുടങ്ങുന്ന ഐ.പി.എല്ലിൽ ചെന്നൈയുടെ ‘തല’യായി ധോണിയുണ്ടാകും.
2004ൽ ബംഗ്ലദേശുമായുള്ള ഏകദിന പരമ്പരയിൽ നീളൻ മുടിയുമായി അരങ്ങേറ്റം കുറിച്ച ധോണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2005ൽ വിശാഖപട്ടണത്ത് പാകിസ്താനുമായുള്ള മത്സരത്തിലായിരുന്നു ധോണി ടീമിൽ ഇരിപ്പുറപ്പിച്ചത്. 123 പന്തുകളിൽ നിന്നും നാലു സിക്സറുകളും 15 ബൗണ്ടറികളുമടക്കം 148 റൺസ് കുറിച്ച ധോണി ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു. വിക്കറ്റ് കീപ്പർമാരെ മാറിമാറി പരീക്ഷിച്ചികൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു പേരുപോലും പരിഗണനക്ക് വരാതെ ധോണി വാഴ്ച അവിടെ തുടങ്ങുകയായിരുന്നു. ആ വർഷം തന്നെ ശ്രീലങ്കക്കെതിരെ നേടിയ 183 റൺസാണ് ധോണിയുടെ ഏകദിനത്തിലെ മികച്ച സ്കോർ.
ടീം ആദ്യം ബാറ്റ് ചെയ്യുേമ്പാൾ അവസാന ഓവറുകളിൽ റൺനിരക്കുയർത്തിയും ചേസിങ് ഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിനെ വിജയതീരത്തോടുപ്പിച്ചും ധോണി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിനിഷറെന്ന ഖ്യാതി സ്വന്തം പേരിലാക്കുകയായിരുന്നു. ഞൊടിയിടക്കുള്ളിൽ എതിരാളിയുടെ സ്റ്റംപ് പിഴുതും പറന്നുപിടിച്ചും കീപ്പിങ്ങിലും ധോണിസം പുറത്തുകാട്ടി.
2007 ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കാലം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാനുള്ള ചുമതല ധോണിയെ ഏൽപ്പിച്ചപ്പോൾ നെറ്റിചുളിച്ചവർ നിരവധിയായിരുന്നു. പക്ഷേ ഒരു പറ്റം യുവതാരങ്ങളെയും കൊണ്ട് കുട്ടിക്രിക്കറ്റിലെ ലോകകിരീടവുമായാണ് ധോണി തിരികെെയത്തിയത്.
പതിയെ മൂന്ന് ഫോർമാറ്റിലും ടീമിൻെറ നായകനായ ധോണി ഇന്ത്യൻ ക്രിക്കറ്റിനെ പലകുറി ഉന്മാദത്തോളമെത്തിച്ചു. ഏകദിന ക്രിക്കറ്റ് ലോകകപ്പും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുമടക്കമുള്ള തിളക്കമുള്ള കിരീടങ്ങളാൽ ബി.സി.സി.ഐ അലമാരയെ പലകുറി മിന്നിത്തിളങ്ങിച്ചു. ടീമിലെ ഒറ്റയാനായി വളർന്ന ധോണി ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ആരോപണം ഉയർന്നെങ്കിലും വിജയങ്ങളിലൂടെ എതിരാളികളുടെ വായടപ്പിക്കുകയായിരുന്നു.
ഒടുവിൽ അനിവാര്യമായ സമയത്ത് കപ്പിത്താൻെറ ചുമതല വിരാട് കോഹ്ലിയിലേക്ക് കൈമാറിയപ്പോഴും ടീമിലെ സൂപ്പർ ക്യാപ്റ്റൻ ധോണി തന്നെയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഐ.പി.എൽ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർകിങ്സിൻെറ മഞ്ഞജഴ്സിയിൽ കളത്തിലിറങ്ങിയ ധോണി തൻെറ രാജവാഴ്ച അവിടെയും തുടർന്നു. ഇടക്കാലത്ത് കോഴവിവാദത്തിൽ പെട്ട് ചെന്നൈക്ക് വിലക്ക് നേരിട്ടതോടെ പൂനെ സൂപ്പർ ജയൻറ്സിനായി കളത്തിലിറങ്ങിയിരുന്നു. വിലക്ക് മാറിയതോടെ മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങിയെത്തിയ ധോണി ചെെന്നെയെ വീണ്ടും ചാമ്പ്യന്മാരാക്കി. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ചെന്നൈക്ക് തുടർവിജയങ്ങൾ നൽകിയ ധോണിയെ ആരാധകർ തലയെന്ന് വിളിച്ചു.
2019 ക്രിക്കറ്റ് ലോകകപ്പിൽ മാർട്ടിൻ ഗുപ്റ്റിലിൻെറ ഉന്നംതെറ്റാത്ത ഏറിൽ റൺഔട്ടായി ഈറൻ കണ്ണുകളോടെ മടങ്ങിയ ധോണിയുടെ മുഖം ക്രിക്കറ്റ് മസ്തിഷ്കങ്ങളിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല. അതിനുശേഷം ഇന്ത്യൻ കുപ്പായത്തിൽ ധോണിയെ ആരും കണ്ടിട്ടില്ല. ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനവും എത്തി.