ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പൂർണ പരാജയമാണെന്ന് കോൺഗ്രസ്. പാകിസ്താെൻറ ആക്രമണങ്ങളിൽനിന്ന് കശ്മീർ ജനതയെ സംരക്ഷിക്കാൻ പോലും ഇതിന് സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മോദി നുണപറയുന്നത് നിർത്തണമെന്ന ഹാഷ്ടാഗോട് കൂടിയാണ് കോൺഗ്രസിെൻറ ഔദ്യോഗിക ട്വീറ്റ്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ കശ്മീർ കൂടുതൽ സുരക്ഷിതമാകുമെന്നായിരുന്നു ബി.ജെ.പി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, ഇവിടെ പാകിസ്താെൻറ ഭാഗത്തുനിന്ന് അക്രമങ്ങൾ വർധിക്കുകയാണ്. 2019 ജനുവരി-ജൂൺ കാലയളവിൽ 1321 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് ഉണ്ടയതെങ്കിൽ 2020ലെ ഇതേ കാലയളവിൽ 2300 തവണ പാകിസ്താൻ കരാർ ലംഘിച്ചതായും കോൺഗ്രസ് കുറ്റപ്പെടുത്തി.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ശേഷം കശ്മീരിനെയും ലഡാക്കിനെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഇതേതുടർന്ന് സംസ്ഥാനമെമ്പാടും കർഫ്യൂ ഏർപ്പെടുത്തുകയും വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കം നൂറോളം രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. മെഹബൂബ മുഫ്തി ഉൾപ്പെടെ നിരവധിപേർ ഇപ്പോഴും വീട്ടുതടങ്കലിലാണ്.