Thursday, May 16, 2024
Google search engine
HomeIndiaമധ്യ, വടക്കന്‍ കേരളത്തിൽ മഴ‌ കനക്കും; കേരളം ഉൾപ്പെടെ ആറിടത്ത് പ്രളയ മുന്നറിയിപ്പ്

മധ്യ, വടക്കന്‍ കേരളത്തിൽ മഴ‌ കനക്കും; കേരളം ഉൾപ്പെടെ ആറിടത്ത് പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം ∙ കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മിഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്ലഡ് അഡ്വൈസറിയിൽ‌ പറയുന്നു

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കർണാടകയിൽ മഴ തീവ്രമായ സാഹചര്യത്തിൽ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം

ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കിയിലും വയനാടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അടുത്ത അഞ്ച് ദിവസവും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ദുര്‍ബലമാകും. ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പത്താം തീയതി വരെ കേരളത്തില്‍ അതിശക്തമായ മഴ തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. ചില ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴ തുടരുന്ന ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്ക് മാറ്റാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി

രാത്രിയില്‍ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിയാകാന്‍ കാത്തു നില്‍ക്കാതെ ആളുകളെ പകല്‍ തന്നെ നിര്‍ബന്ധപൂര്‍വം മാറ്റാനാണ് നിര്‍ദേശം. മലയോര മേഖലകളിലേക്ക് രാത്രിയാത്ര പൂര്‍ണമായി ഒഴിവാക്കണം. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങളോട് സഹകരിക്കുകയും വേണം. ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

ക്വാറന്റീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതു മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാംപുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പിൽ പറയുന്നു.

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന ചാലിയാർ പുഴ എടവണ്ണ സീതിഹാജി പാലത്തിൽ നിന്നുള്ള കാഴ്ച്ച

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com