വാഷിങ്ടൻ∙ മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയിൽ കണ്ടെത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യുഎസ് ശാസ്ത്ര ജേണലായ പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അപകടരമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസെന്ന് വിദഗ്ധർ അറിയിച്ചു.
മുൻകരുതൽ ഇല്ലെങ്കിൽ കൊറോണ വൈറസ് പോലെ രോഗാണു ലോകമെങ്ങും പടർന്നു പിടിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി. നിലവിൽ ജി4 എന്നു പേരു നൽകിയിരിക്കുന്ന ഈ വൈറസ് 2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച എച്ച്1എൻ1 വൈറസിനോട് സാമ്യമുള്ളതാണ്. എങ്കിലും രൂപമാറ്റമുണ്ട്. നിലവിലുള്ള ഒരു വാക്സിനും വൈറസിൽ നിന്ന് സംരക്ഷണം നൽകില്ലെന്നു ഗവേഷകർ പറയുന്നു.
2011 മുതൽ 2018വരെ ചൈനയിലെ പത്ത് പ്രവിശ്യകളിലായി 30,000ത്തിലധികം പന്നികളിൽ നടത്തിയ ഗവേഷണത്തിൽ 179ൽ അധികം വൈറസുകളെ വേർതിരിച്ചിരുന്നു. ഇതിലേറേയും 2016 മുതൽ കാണപ്പെടുന്ന പുതിയയിനം വൈറസുകളായിരുന്നു. ജി4 എന്ന വൈറസ് മനുഷ്യരിലേക്ക് പടരാൻ ഏറെ സാധ്യതയുള്ളതാണെന്നും കണ്ടെത്തി. ഗവേഷണത്തിൽ പങ്കെടുത്ത് 10.4 ശതമാനം ആളുകൾക്ക് ഇതിനോടകം വൈറസ് പിടിപെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പടർന്നതിന് സൂചനയില്ല.
അത് സംഭവിച്ചാല്‍ വലിയ ഭീഷണിയായി മാറിയേക്കാമെന്നാണ് മുന്നറിയിപ്പ്. പുതിയ ഇനം വൈറസായതിനാല്‍ ആളുകള്‍ക്ക് പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കുമെന്നും മനുഷ്യശരീരത്തിൽ പെട്ടെന്നും പടർന്നുപിടിക്കാവുന്ന ജി4ന്റെ ജനിതകഘടന ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കണ്‍ട്രോൾ ആൻഡ് പ്രിവൻഷനിലെ ഉൾപ്പെടെ ഗവേഷകർ ജേണലിൽ പറയുന്നു. പന്നികളുമായി അടുത്തിടപഴകുന്നവർ മുൻകരുതൽ എടുക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.