കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ സി. മോയിൻകുട്ടി(77) അന്തരിച്ചു. കബറടക്കം ഉച്ചക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ
1996-2001 കാലയളവിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ മോയിൻ കുട്ടി 2001-2006, 2011-2016 കാലങ്ങളിൽ തിരുവമ്പാടി മണ്ഡലത്തേയും പ്രതിനിധീകരിച്ചു. താമരശ്ശേരി പഞ്ചായത്ത് മുൻ അധ്യക്ഷനായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡൻറ്, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.
അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട് മക്കാം ട്രസ്റ്റ് പ്രസിഡൻറ്, താമരശ്ശേരി ടൗൺ കുന്നിക്കല്‍ പളളിക്കമ്മിറ്റി പ്രസിഡൻറ്, കേരളാ സ്‌റ്റേറ്റ് റൂറല്‍ ഡവലപ്മെൻറ് ബോര്‍ഡ് അംഗം, താമരശ്ശേരി സി.എച്ച് സെൻറര്‍ പ്രസിഡൻറ്, കെ.എസ്.ആർ.ടി.സി ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ്: കുഞ്ഞിമാച്ച. ഭാര്യ: പയേരി കദീജ. മക്കള്‍: അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന. മരുമക്കള്‍: എം.പി. മുസ്തഫ (അരീക്കോട് ), എന്‍.സി. അലി (നരിക്കുനി), യു.സി ആയിഷ. സഹോദരങ്ങള്‍: പി.സി അബ്ദുല്‍ ഹമീദ് (റിട്ട. ഇ.എസ്.ഐ കമീഷണര്‍), പി.സി. ഉമ്മര്‍ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി), പി.സി അബ്ദുല്‍ റഷീദ് (ആര്‍കിടെക് -കോഴിക്കോട്), അബ്ദുൽ നാസര്‍ ഓടങ്ങല്‍(വേവ്സ് സലൂണ്‍), ആയിശു നെരോത്ത്, റാബിയ മേപ്പയ്യൂര്‍, നസീമ പെരിന്തല്‍മണ്ണ.