വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്നാലെ മുതിർന്ന വൈറ്റ് ഹൗസ് ഉപദേശകനായ സ്റ്റീഫൻ മില്ലർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയുടെ വിവരം മില്ലർ തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ, ബുധനാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചെന്നാണ് മില്ലർ വ്യക്തമാക്കിയത്.
ഒക്ടോബർ 26ന് വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ആമി കോണി ബാരെറ്റിനെ സുപ്രീംകോടതി ജഡ്ജിയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ട്രംപും മെലാനിയയും അടക്കം ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
റിപ്പബ്ലിക്കൻ സെനറ്റർമാരായ മൈക്ക് ലീ, ടോം ടില്ലിസ്, കാമ്പയിൻ മാനേജർ ബിൽ സ്റ്റെപിയൻ, ട്രംപിന്‍റെ ഉപദേശക ഹോപ് ഹിക്സ്, നോത്രദാം യൂനിവേഴ്സിറ്റി പ്രസിഡൻറ് ജോൺ ജെൻകിൻസ്, വൈറ്റ്ഹൗസ് മുൻ കൗൺസിലർ കെലിൻ കോൺവേ എന്നിവർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിൽ പങ്കെടുത്തവരിൽ മെലാനിയ ഒഴികെ ട്രംപ് കുടുംബാംഗങ്ങൾ മാസ്ക് ധരിച്ചിരുന്നില്ല. ഈ ചടങ്ങിലുണ്ടായിരുന്ന കാമ്പയിൻ മാനേജർക്കും ട്രംപിന്‍റെ ഉപദേശകക്കും ആണ് പിന്നീട് രോഗം കണ്ടെത്തിയത്.
രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ട്രംപ് പൂർണമായി ഭേദമാകാതെ ആശുപത്രിക്ക് പുറത്തു തടിച്ചു കൂടിയ അനുയായികളെ കാണാൻ പുറത്തിറങ്ങിയത് വിവാദത്തിന് വഴിവെച്ചിരുന്നു. നാലു ദിവസത്തെ ചികിത്സക്ക് ശേഷം ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരികെ വരികയും ചെയ്തിരുന്നു.