കാർഷിക നിയമങ്ങൾക്കെതിരെയുള്ള റാലിയിൽ ഇന്നലെ ഇരുവരും അണിനിരന്നിരുന്നു
ചണ്ഡീഗഡ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രി ബൽബീർ സിങ് സിദ്ദുവിന് കോവിഡ്. ഇന്നലെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഗ്രൂരിൽ രാഹുൽ ഗാന്ധിക്കൊപ്പം ബൽബീർ സിങ് റാലിയിൽ അണിനിരന്നിരുന്നു.
രാഹുൽ ഗാന്ധിയെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് സുനിൽ ഝാകർ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, സഹമന്ത്രിമാരായ വിജയീന്ദർ സിംഗ്ല, റാന ഗുർമീത് സിങ് സോധി, മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടൽ, കോൺഗ്രസ് നേതാവ് ദീപീന്ദർ സിങ് ഹൂഡ എന്നിവരുമായും ബൽബീർ സിങ് ഇടപഴകിയിട്ടുണ്ട്.
ആരോഗ്യ മന്ത്രി ബൽബീർ സിങ് സിദ്ദുവിന് കോവിഡ് സ്ഥിരീകരിച്ചതായും സമ്പർക്കവിലക്കിൽ കഴിയുകയാണെന്നും പഞ്ചാബിലെ കോവിഡ് നോഡൽ ഓഫിസർ അറിയിച്ചു.
രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട് വന്നതിന് ശേഷമാണ് മന്ത്രിക്ക് പനിയും തൊണ്ടവേദനയുമുൾപ്പെടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. രാത്രി തന്നെ സ്രവ സാംപിൾ പരിശോധനക്ക് എടുത്തിരുന്നു. ഇന്ന് വൈകീട്ടോടെയാണ് കോവിഡ് സ്ഥിരീകരിച്ച് ഫലം വന്നത്.