കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എം.എൽ.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആഷ കോഴിക്കോട്ടെ ഇ.ഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ആഷ ഇ.ഡി ഓഫിസിലെത്തിയത്.
കോഴിക്കോട് മാലൂർകുന്നിലെ ഷാജിയുടെ വീടിന്‍റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇ.ഡി ശേഖരിച്ചിരുന്നു. ഷാജിയുടെ ഭാര്യയുടെ പേരിലാണ് വീട്. അനധികൃത നിർമാണം കണ്ടെത്തിയ നഗരസഭ ഷാജിക്ക് നോട്ടീസ് നൽകിയിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം കോർപ്പറേഷൻ അളവെടുത്തപ്പോഴാണ് അനധികൃത നിർമാണം ശ്രദ്ധയിൽപ്പെട്ടത്. അനുമതിയില്ലാതെ 2,300 ചതുരശ്ര അടിയിൽ നിർമാണം നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നേരത്തെ രേഖപ്പെടുത്തിയിരുന്നു.