തിരുവനന്തപുരം: കന്യകയാണെന്ന് സ്ഥാപിക്കാൻ ഹൈമനോപ്ലാസ്റ്റിക് സർജറി ചെയ്തതിന് കോടതിക്ക് മുൻപിൽ നൂറു ശതമാനം തെളിവ് ഉണ്ടെങ്കിൽ പോലും അത് ചോദ്യം ചെയ്യുന്നത് മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും ഇതിനെ അഭയ കേസുമായി ബന്ധിപ്പിക്കുവാൻ സാധിക്കില്ലെന്നും മൂന്നാം പ്രതി സിസ്റ്റർ സെഫി. സിസ്റ്റർ അഭയ കൊലക്കേസിൽ സി.ബി.ഐ കോടതിയിൽ അന്തിമ വാദം നടത്തുകയായിരുന്നു. കഴിഞ്ഞ അഞ്ച്ദിവസമായി കോടതിയിൽ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ നടത്തിയ വാദം ഇന്ന് അവസാനിച്ചു. വെള്ളിയാഴ്ച ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിെൻറ വാദം തുടങ്ങും.
സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. 2008 നവംബർ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിയതായി തെളിഞ്ഞത്. ഇത് സംബന്ധിച്ച് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ പൊലീസ് സർജനും പ്രോസിക്യൂഷൻ 29ാം സാക്ഷിയുമായ ഡോ.രമയും, കോളേജ് പ്രിൻസിപ്പലും പ്രോസിക്യൂഷൻ 19ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സി.ബി.ഐ കോടതിയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടികാട്ടിയിരുന്നു.
പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്.
അതേസമയം, ഡമ്മി പരീക്ഷണത്തെത്തുടർന്ന് 1996ൽ സിബിഐ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ആത്മഹത്യാസാധ്യത വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ഡമ്മി പരീക്ഷണം അശാസ്ത്രീയമാണെന്ന് വിവിധ കോടതി വിധികളിൽ വ്യക്തമാക്കിയതും ഇവർ ചൂണ്ടിക്കാട്ടി.