പലയിടങ്ങളിലും ഇടിമിന്നലും കാറ്റും ആലിപ്പഴവർഷവും
വരും ദിവസങ്ങളിലും മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
യാംബു: ശൈത്യകാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റം കുറിച്ച് സൗദി അറേബ്യയിൽ വ്യാപക മഴ. വെള്ളിയാഴ്ച രാത്രി മുതൽ തുടങ്ങിയ മഴ ശനിയാഴ്ച വൈകിയും തുടരുകയാണ്. രാജ്യത്തിെൻറ വടക്കൻ ഭാഗങ്ങൾ, പടിഞ്ഞാറൻ പ്രവിശ്യ, മധ്യ പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം മഴ പല തോതിൽ തുടരുകയാണ്. ചിലയിടത്ത് ശക്തമായാണെങ്കിൽ മറ്റിടങ്ങളിൽ ചാറ്റൽ മഴയായാണ്. പൊതുവേ ആകാശം മൂടിക്കെട്ടിയ അവസ്ഥയിലാണ്.
യാംബു, അൽഅയ്സ് മേഖലകളിൽ വെള്ളി, ശനി ദിവസങ്ങളിൽ മിതമായ തോതിലും ചിലയിടങ്ങളിൽ സാമാന്യം ശക്തിയായും മഴ പെയ്തു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ് ശരിവെക്കുന്ന രീതിയിൽ ഇടിയോടു കൂടിയ മഴയും കാറ്റും പല ഭാഗങ്ങളിലും പ്രകടമായതായി റിപ്പോർട്ടുണ്ട്. യാംബു അൽനഖ്ലിലെ താഴ്വരകളിൽ നീരൊഴുക്ക് അനുഭവപ്പെട്ടതിനാൽ സിവിൽ ഡിഫൻസ് പ്രദേശവാസികളോട് ജാഗ്രതപാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശത്തുള്ളവരോട് മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് മാറിനിൽക്കാൻ മുൻകൂട്ടി അറിയിപ്പ് കൊടുത്തിരുന്നതിനാൽ പ്രദേശവാസികൾ മുൻകരുതലെടുത്തിരുന്നു. അതുകൊണ്ട് തന്നെ പേമാരിയും വെള്ളക്കെട്ടുകളും മഴവെള്ളപ്പാച്ചിലുകളും മൂലം നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിെൻറ വടക്കുഭാഗങ്ങളിൽ അറാർ, അൽജൗഫ്, തൈമ മേഖലകളിലും മഴ ശക്തയായി പെയ്യുന്നുണ്ട്. ഉംലജ്, ബദർ, അൽറൈസ് പ്രദേശങ്ങളിലും മഴയുണ്ടായി. മധ്യപ്രവിശ്യയോട് ചേർന്നുള്ള ഹാഇൽ മേഖലയിൽ കനത്ത തോതിലാണ് മഴ പെയ്തത്. ഇവിടെ മലകളുടെ മുകളിൽ നിന്ന് നീരൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്.
പടിഞ്ഞാറൻ മേഖലയിൽ ജിദ്ദ നഗരത്തിലുൾപ്പെടെയും മഴ പെയ്തിട്ടുണ്ട്. മദീന മുനവ്വറയിലുൾപ്പെടെ ശനിയാഴ്ച മഴയുണ്ടായി. മക്ക, മദീന, ഹാഇൽ, അൽഖസീം, വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യ, മധ്യ പ്രവിശ്യ തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ അറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ പല ഭാഗങ്ങളിലും ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടിരുന്നു. അന്തരീക്ഷം മേഘാവൃതവുമായിരുന്നു. മഴ കണക്കിലെടുത്ത് സിവിൽ ഡിഫൻസ് രാജ്യവ്യാപകമായി തന്നെ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച യാംബുവിെൻറ വടക്കു ഭാഗത്തുള്ള ചില താഴ്വരകളിലാണ് കനത്ത മഴ അനുഭവപ്പെട്ടത്. നബാ, അബൂശകീർ, നബ്ത്ത് തുടങ്ങിയ പർവതനിരകളിൽ കനത്ത മഴ പെയ്തത് കാരണം താഴ്വരകളിൽ നീരൊഴുക്ക് ശക്തിപ്പെട്ടു. ചിലയിടങ്ങളിൽ ശനിയാഴ്ച ആലിപ്പഴ വർഷമുണ്ടായതായും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ മഴയുണ്ടാകാനും തുടർന്ന് ശൈത്യത്തിലേക്ക് കലാവസ്ഥ മാറാനും സാധ്യതയുണ്ട്.