ശ്രീനഗർ: ജമ്മുകശ്മീരിൽ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക് സേനക്കെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. 10 മുതൽ 12 വരെ പാക് സൈനികർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ നിയന്ത്രണരേഖയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല് സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പാകിസ്താൻ ബങ്കറുകൾക്ക് നേരെ സൈന്യം ശക്തമായ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നിയന്ത്രണരേഖയിൽ അഞ്ച് ദിവസം മുമ്പ് നടന്ന വെടിവെപ്പിൽ മൂന്ന് സൈനികർ വീരമൃത്യു വരിക്കുകയും മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.