ധനകാര്യമന്ത്രി സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ട ധനകാര്യമന്ത്രി ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി ഇതുവരെ ഒരു റിപ്പോർട്ടുപോലും നിയമസഭയിൽ വെച്ചിട്ടില്ല. സഭയിൽ വെക്കാത്ത ഏത് റിപ്പോർട്ടിനെ കുറിച്ചാണ് ധനകാര്യമന്ത്രി േതാമസ് ഐസക് പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
കിഫ്ബിക്കെതിരായ സി.എ.ജി റിേപ്പാർട്ട് ഗൂഢാലോചനയുടെ ഭാഗമാണെന്ന തോമസ് ഐസക്കിൻെറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത ഒരു റിപ്പോർട്ട് എവിടെ നിന്നാണ് ധനകാര്യമന്ത്രിക്ക് ലഭിച്ചത്? സാധാരണ ഗതിയിൽ സി.എ.ജി കണ്ടെത്തലുകൾ പാരഗ്രാഫായി വിവിധ ഡിപ്പാർട്ട്മെൻറുകൾക്ക് നൽകാറുണ്ട്. അവർ നൽകുന്ന മറുപടികൾ പരിശോധിച്ചും ചർച്ചകൾക്ക് ശേഷവും റിപ്പോർട്ട് തയാറാക്കി നിയമസഭയുടെ മേശപ്പുറത്ത് വെക്കുമ്പോഴാണ് പൊതുജനങ്ങൾ അറിയുന്നത്. ധനകാര്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അന്തിമരൂപമാവാത്തതും നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്തതുമായ ഒരു റിപ്പോർട്ട് മന്ത്രിക്ക് എങ്ങനെ പ്രസിദ്ധപ്പെടുത്താൻ സാധിക്കുമെന്നും അേദ്ദഹം ചോദിച്ചു. ഭരണഘടനയുടെ 151ാം ആർട്ടിക്കിൾ അനുസരിച്ച് കേന്ദ്ര സർക്കാറിൻെറ വരവ് ചെലവ് കണക്കുകൾ രാഷ്ട്രപതിക്കും സംസ്ഥാന സർക്കാറിനെ സംബന്ധിച്ച റിപ്പോർട്ടുകൾ ഗവർണർക്കും സി.എ.ജി സമർപ്പിക്കണം. ഗവർണർക്ക് വേണ്ടി ധനകാര്യമന്ത്രി ഈ റിപ്പോർട്ട് നിയമസഭക്ക് മുമ്പിൽ വെക്കും. ഭരണഘടനാപരമായി ഇക്കാര്യം നിറവേറ്റാൻ ബാധ്യസ്ഥനായ ധനകാര്യ മന്ത്രി അത് ചോർത്തി പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
സി.എ.ജി റിേപ്പാർട്ട് നിയമസഭയിൽ വെക്കുന്നതുവരെ ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കാണിച്ച് അക്കൗണ്ടൻറ് ജനറൽ 2013 മെയ് 14ന് സർക്കുലർ ഇറക്കിയിരുന്നു. ഈ വിവരങ്ങൾ പുറത്തുവിടുന്നത് നിയമസഭയുെട അവകാശ ലംഘനമാണ്. അവകാശ ലംഘനത്തിനെതിരെ പ്രതിപക്ഷം ധനകാര്യമന്ത്രിക്കെതിരെ നോട്ടീസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കിഫ്ബിയിലും ധനകാര്യ വകുപ്പിലും നടക്കുന്ന കൊള്ളകളും അഴിമതികളും സി.എ.ജി കണ്ടെത്തുന്നുവെന്നതുകൊണ്ടാണ് ധനകാര്യമന്ത്രിക്ക് ഹാലിളകുന്നതെന്നും ചെന്നിത്തല പറഞ്ഞു.