പ്രവാസികൾക്ക് തിരിച്ചടിയായി കേരളത്തിെൻറ പുതിയ നിബന്ധന
മനാമ: ജൂൺ 20 മുതൽ വിദേശത്തുനിന്ന് ചാർേട്ടഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് എത്തുന്നവർ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകും. അതേസമയം, വന്ദേഭാരത് ദൗത്യത്തിന് കീഴിൽ പോകുന്ന വിമാനങ്ങൾക്ക് ഇൗ നിബന്ധന ബാധകമല്ല. ഗൾഫിൽ നിന്നുള്ള എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് നിർദേശം. നെഗറ്റിവ് ആയവരെ മാത്രമെ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഒാരോ യാത്രക്കാരനും കൈയിൽ കരുതണം. നേരത്തെ അനുമതി ലഭിച്ച വിമാനങ്ങൾക്കും ഇത് ബാധകമാണ്. പോസിറ്റിവായ ആൾക്ക് അടിയന്തര വൈദ്യ പരിചരണം ആവശ്യമാണെങ്കിൽ എയർ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്താമെന്നും നിർദേശിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തുന്നവരിൽ രോഗബാധ ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി കേരള സർക്കാർ നിർദേശം. നാട്ടിൽ എത്തിയ ഗൾഫ് പ്രവാസികളിൽ രോഗ നിരക്ക് മൂന്ന് ശതമാനമായാണ് ഉയർന്നത്. ചില രാജ്യങ്ങളിൽനിന്നുള്ളവരിൽ ഇത് ആറ് ശതമാനമാണെന്നും സർക്കാർ പറയുന്നു. ജനസാന്ദ്രത ഏറിയ കേരളം പോലെ സംസ്ഥാനത്ത് രോഗ നിരക്ക് ഉയർന്നാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബഹ്റൈൻ പോലുള്ള രാജ്യത്ത് ഇൗ നിബന്ധന പാലിച്ച് യാത്രക്കാരെ കൊണ്ടുപോകാൻ കഴിയില്ലെന്ന് പ്രവാസി സംഘടനകൾ പറയുന്നു. ബഹ്റൈനിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് കോവിഡ് പരിശോധന പൊതുവായി നടത്തുന്നത്. ചില സ്ഥലങ്ങളിൽ മാളുകളിലും മാർക്കറ്റുകളിലും പരിശോധന നടത്തുന്നുണ്ട്. യാത്രക്കാരെ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ നാഷനൽ ഹെൽത് അതോറിറ്റിയുമായി ബന്ധപ്പെെട്ടങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ലക്ഷണങ്ങൾ ഉള്ളവർക്ക് തന്നെ ടെസ്റ്റ് നടത്തണമെങ്കിൽ 48 മണിക്കൂറെങ്കിലും എടുക്കുന്ന സാഹചര്യമാണുള്ളത്. ഇന്നലെ മുതൽ തന്നെ ഉത്തരവ് പ്രാബല്യത്തിൽ വരുത്താനുള്ള നീക്കത്തിലായിരുന്നു സർക്കാർ എന്നാണ് സൂചന. എന്നാൽ, കേരളീയ സമാജം ഭാരവാഹികൾ കേരള സർക്കാറിൽ സമ്മർദം ചെലുത്തിയതിനെ തുടർന്ന് 20 ലേക്ക് നീട്ടുകയായിരുന്നു. ബഹ്റൈനിൽ എട്ട് സ്വകാര്യ ഹോസ്പിറ്റലുകൾക്കാണ് ലക്ഷണമില്ലാത്തവരെ പരിശോധിക്കുന്നതിന് അനുമതിയുള്ളത്. ഒരു ടെസ്റ്റിന് 38 ദിനാർ മുതൽ 50 ദിനാർ വരെയാണ് ഇൗടാക്കുന്നത്. ഇവിടെ തന്നെ, വലിയ തോതിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യവുമില്ല. ജോലി നഷ്ടപ്പെട്ടും മറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതല്ല ഇൗ ചെലവ്. തീരുമാനം മാറ്റണം കേരള സർക്കാറിെൻറ തീരുമാനം പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണെന്ന് കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു. സമാജത്തിെൻറ നാല് ചാർേട്ടഡ് വിമാനങ്ങൾക്ക് കൂടി കേരള സർക്കാർ എൻ.ഒ.സി കൊടുത്തിട്ടുണ്ട്. ഇതുൾപ്പെടെ ഏഴ് വിമാനങ്ങൾ 20ന് മുമ്പ് തന്നെ സർവിസ് നടത്താനാണ് നിശ്ചയിച്ചത്. സമാജത്തിന് പുറമേ മറ്റ് പല സംഘടനകളും ചാർേട്ടഡ് വിമാന സർവിസിനുള്ള ഒരുക്കത്തിലാണ്. സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ 20ന് ശേഷം ഒരു ചാർേട്ടഡ് വിമാനവും കേരളത്തിലേക്ക് പറത്താനാകില്ലെന്ന് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. പ്രതിഷേധാർഹം സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പറഞ്ഞു. വന്ദേഭാരത് ദൗത്യത്തിൽ മതിയായ വിമാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് പ്രവാസി സംഘടനകൾ ചാർേട്ടഡ് വിമാനങ്ങൾക്ക് മുൻകൈ എടുത്തത്. ഇതിന് തടയിടുന്നതാണ് സർക്കാർ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇരട്ടത്താപ്പ് ചാർേട്ടഡ് വിമാനങ്ങൾക്ക് മാത്രം നിബന്ധന ബാധകമാക്കിയതിലൂടെ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പറഞ്ഞു. രോഗികളും ജോലി നഷ്ടപ്പെട്ടവരും ഗർഭിണികളുമൊക്കെയാണ് ചാർേട്ടഡ് വിമാനങ്ങളിലും നാട്ടിലേക്ക് പോകുന്നത്. വന്ദേഭാരത് ദൗത്യത്തിനില്ലാത്ത നിബന്ധന ചാർേട്ടഡ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം –ഫ്രൻഡ്സ് അസോസിയേഷൻ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നവർ യാത്രക്കു മുമ്പായി കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റിവ് ആണെന്ന സർട്ടിഫിക്കറ്റ് കരുതുകയും വേണമെന്ന കേരള സർക്കാർ നിർദേശം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. വന്ദേ ഭാരത് ദൗത്യത്തിൽ മതിയായ വിമാനങ്ങളില്ലാത്തതിനാൽ പതിനായിരങ്ങൾ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് സാമൂഹിക സംഘടനകൾ മുൻകൈയെടുത്ത് ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയത്. ചാർട്ടേഡ് വിമാനത്തിന് ടിക്കറ്റ് എടുത്ത പ്രവാസികൾക്ക് താങ്ങാവുന്നതല്ല കോവിഡ് ടെസ്റ്റിന് വേണ്ടിവരുന്ന ചെലവ്. അതോടൊപ്പം റിസൾട്ട് ലഭിക്കാൻ കാലതാമസവും ഉണ്ടാകും. ഈ വിഷയത്തിൽ പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്തി, പ്രവാസികാര്യ മന്ത്രി, പ്രവാസി വെൽഫെയർ ബോർഡ് അംഗം എന്നിവർക്ക് നിവേദനം അയച്ചു