translate : English
കൊച്ചി: പാലാരിവട്ടം പാലത്തിെൻറ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നൽകി. മുവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. രാഷ്ട്രീയപ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇബ്രാഹിം കുഞ്ഞിനെ നാല് ദിവസം കസ്റ്റഡിയിൽ വേണമെന്ന് വിജിലൻസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിജിലൻസ് കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകി. അതേസമയം, ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ളത്.
ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.