ചെന്നൈ: കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ബിഹാർ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലൂടെ പ്രഖ്യാപിച്ച ബി.ജെ.പിക്കെതിരെ തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ. ബി.ജെ.പിയെയും തമിഴ്നാട്ടിൽ അവരുമായി സംഖ്യംചേർന്ന എ.ഐ.എ.ഡി.എം.കെയെയും വിമർശിച്ച താരം ഇവർ ജീവൻ കൊണ്ട് കളിക്കുകയാണെന്ന് ആരോപിച്ചു.
” ഇല്ലാത്ത വാക്സിനെ കുറിച്ചാണ് കപട വാഗ്ദാനം നൽകുന്നത്. ജനങ്ങളുടെ ദാരിദ്ര്യം വച്ചാണ് നിങ്ങൾ കളിക്കുന്നത്. ജീവൻ വച്ച് നിങ്ങൾ കളിക്കുകയാണെങ്കിൽ, നിങ്ങളുടെ വിധി ജനങ്ങൾ തീരുമാനിക്കും”- മക്കൾ നീതി മയ്യം (എം.എൻ.എം) അധ്യക്ഷൻ കൂടിയായ കമൽ ഹാസൻ പറഞ്ഞു.
നേരത്തെ, അടുത്ത വർഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസാമിയും കോവിഡ് വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിഹാർ തെരഞ്ഞെുപ്പ് പ്രചരണത്തിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ കോവിഡ് വാക്സിൻ സൗജന്യമായി സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.എ.പി നേതാവ് കെജ്രിവാളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അടവ് നയത്തിനെതിരെ രംഗത്തുവന്നിരുന്നു.