‘സർക്കാർ സ്വന്തം തെറ്റ് മറച്ചുവെക്കാൻ എന്നെ ബലിയാടാക്കി’
കാസർകോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്നിന് കോഴിക്കോട് വെച്ചാണ് യോഗം. എം.സി കമറുദ്ദീെൻറ അറസ്റ്റുമായി ബന്ധപ്പെട്ട് ലീഗിെൻറ നിലപാട് ഈ യോഗത്തിലുണ്ടാവും. തദ്ദേശ തെരഞ്ഞെടുപ്പ് തീയതി കൂടി തീരുമാനിച്ചിരിക്കെ എം.സി കമറുദ്ദീെൻറ അറസ്റ്റ് തിരിച്ചടിയായേക്കുമോയെന്ന് യോഗത്തിൽ ചർച്ചചെയ്യും.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കമറുദ്ദീനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് കണ്ണൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 115 എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ശേഷം പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നു തെൻറ അറസ്റ്റെന്ന് എം.സി. കമറുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ സ്വന്തം തെറ്റു മറച്ചുവയ്ക്കാൻ എന്നെ ബലിയാടാക്കി. തിങ്കളാഴ്ച കേസ് ഹൈക്കോടതിയിൽ വരുന്നുണ്ട്. അതിനുപോലും കാത്തു നിന്നില്ല. അറസ്റ്റിന് മുൻപു നോട്ടിസ് നൽകിയില്ല. എന്നെ തകർക്കാൻ കഴിയില്ലെന്നും എം.എൽ.എ പറഞ്ഞു.
ആരോഗ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മാധ്യമങ്ങളോട് എം.എല്‍.എ പ്രതികരിച്ചത്. അറസ്റ്റ് ചെയ്ത സമയം രാഷ്ട്രീയപ്രേരിതമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസനും പറഞ്ഞിരുന്നു.