സ്വകാര്യ ആശുപത്രികളിലെ നിരക്ക് ഏകീകരിക്കണമെന്ന്
കൊച്ചി: സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ തുടങ്ങിയ സാഹചര്യത്തിൽ നിരക്കിെൻറ കാര്യത്തിൽ സർക്കാർ മേൽനോട്ടമില്ലെങ്കിൽ രോഗികളുടെ നടുവൊടിയും. സർക്കാർ മാനദണ്ഡങ്ങളും നിരക്കും പാലിക്കുമെന്ന് സ്വകാര്യ ആശുപത്രികൾ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ചില ആശുപത്രികൾ തുടക്കത്തിേല അത് ലംഘിച്ചതായി പരാതി ഉയർന്നുകഴിഞ്ഞു. അമിതനിരക്ക് അനുവദിക്കില്ലെന്നും സർക്കാർ കർശനമായി ഇടപെടുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ആശുപത്രികളിൽ രണ്ടുതരത്തിൽ ചികിത്സനിരക്ക് ഈടാക്കാനാണ് ധാരണ. സർക്കാർ ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്നവർക്ക് സർക്കാർ നിശ്ചയിച്ച ഫീസ് ഈടാക്കാനും നേരിട്ട് എത്തുന്നവർക്ക് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന നിരക്ക് ബാധകമാക്കാനുമാണ് ധാരണയായത്. നേരിട്ട് സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർക്ക് നിരക്ക് ഏകീകരിക്കണമെന്നാണ് ആവശ്യം. റഫർ ചെയ്യുന്ന രോഗികൾക്ക് ജനറൽ വാർഡിന് 2300 രൂപയും അതിതീവ്ര പരിചരണം വേണ്ട എച്ച്.ഡി യൂനിറ്റിൽ 3300 രൂപയുമാണ് പ്രതിദിന വാടക. ഐ.സി.യുവിന് 6500 രൂപയും വെൻറിലേറ്ററിന് 11,500 രൂപയുമാണ് പ്രതിദിന നിരക്ക്.
സ്വകാര്യ ആശുപത്രികൾ ബില്ല് നൽകുന്നതനുസരിച്ച് സർക്കാർ പണം അനുവദിക്കും. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ കോവിഡ് ചികിത്സകൂടി ഉൾക്കൊള്ളിച്ചതിനാൽ അതിൽ അംഗങ്ങളായവരുടെ നിരക്കാണ് സർക്കാർ നൽകുക. അതിൽപെടാത്തവർക്ക് സ്വകാര്യ ആശുപത്രികൾ നൽകുന്ന ബിൽതുക അടക്കേണ്ടിവരും. ഹൃദ്രോഗം, ശ്വാസകോശ, കരൾ, വൃക്ക സംബന്ധരോഗങ്ങൾ എന്നിവ ഉള്ളവരിൽ കോവിഡ് ബാധിക്കുേമ്പാൾ അത്തരം ചികിത്സകൂടി നടത്തേണ്ടിവരും. അതുമായി ബന്ധപ്പെട്ട് വലിയ തുക നൽകേണ്ടിവരും.
ഇക്കാര്യത്തിൽ സർക്കാർ മേൽനോട്ടം ഉണ്ടാകണമെന്നാണ് ആവശ്യം. നിയമസഭ പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബിൽപ്രകാരം പരിേശാധനകളുടെയും മറ്റും നിരക്കും ഏകീകരിക്കണമെന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്. സർക്കാർ ധാരണപ്രകാരം സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സ തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ മൂന്നുജില്ലയിൽ ഓരോ ആശുപത്രി വീതം ചികിത്സ ആരംഭിച്ചു.
തിരുവനന്തപുരം കിംസ്, തൃശൂർ ദയ, കണ്ണൂർ ആസ്റ്റർ നിംസ് എന്നിവയിൽ രോഗികൾ ചികിത്സയിലാണ്. മറ്റുജില്ലകളിലും കൂടുതൽ ആശുപത്രികൾ ഈ ആഴ്ചയോടെ സജ്ജമാകും. കുറഞ്ഞത് 20 കിടക്ക കോവിഡ് രോഗികൾക്കായി നീക്കിവെക്കാനും മറ്റുരോഗികളുമായി ബന്ധംവരാത്തവിധം കോവിഡ് രോഗികളെ പാർപ്പിക്കാനും സൗകര്യമുള്ള ആശുപത്രികൾക്കാണ് കലക്ടർമാർ അനുമതി നൽകുന്നത്.