തിരുവനന്തപുരം∙ ലക്ഷ്മി നായരുെട രാജി ആവശ്യപ്പെട്ടു മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകനെ കീഴ്പ്പെടുത്തി താഴെയിറക്കിയതിനുപിന്നാലെ ലോ അക്കാദമിക്കുമുന്നിൽ സംഘർഷം. പൊലീസിനുനേരെ കല്ലേറുണ്ടായി. ഇതിനു പിന്നാലെ കെഎസ്‌യു സമരപ്പന്തലിനു മുന്നിൽ പെട്രോൾ ഒഴിച്ചു രണ്ടു പേർ ആത്മഹത്യാ ഭീഷണി മുഴക്കി. അഗ്നിശമന സേന ഇവരുടെ ദേഹത്തു വെള്ളമൊഴിച്ചു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് എബിവിപി പ്രവര്‍ത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലോ അക്കാദമിക്കു മുന്നിലുള്ള മരത്തിനു മുകളില്‍ കയറിയായിരുന്നു ഇത്. ഇയാളെ താഴെയിറക്കാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്ഥലത്തെത്തിയിരുന്നു. ലക്ഷ്മി നായരുടെ അറസ്റ്റ് ഉള്‍പ്പെടെ മൂന്ന് ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ സബ് കലക്ടര്‍ക്കു മുന്നില്‍വച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള പൂര്‍ണ അധികാരം തനിക്കില്ലെന്നും കലക്ടറുമായി കൂടിയാലോചിച്ച് അനുകൂല തീരുമാനം അറിയിക്കാമെന്നും സബ്കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ വിദ്യാര്‍ഥികള്‍ സമരം തുടരുകയായിരുന്നു.