അത്ലറ്റിക്കോ മഡ്രിഡിനെതിരെ ബാഴ്സലോണക്ക് സമനില (2-2)
ബാഴ്സലോണ: സൂപ്പർതാരം ലയണൽ മെസ്സിയുടെ 700ാം കരിയർ ഗോൾനേട്ടം ഇങ്ങെന ആഘോഷിക്കാനല്ലായിരുന്നു ബാഴ്സലോണ ആഗ്രഹിച്ചിരുന്നത്. ബുധനാഴ്ച അർധരാത്രി നൂകാംപിൽ നടന്ന മത്സരത്തിൽ അർജൻറീന ഇതിഹാസം നാഴികക്കല്ല് പിന്നിട്ടെങ്കിലും അത്ലറ്റിക്കോ മഡ്രിഡുമായി ബാഴ്സ 2-2ന് സമനിലയിൽ പിരിഞ്ഞ് പോയൻറ് പങ്കിട്ടു. ഇതോടെ ലാലിഗ സീസണിെൻറ അവസാന ലാപ്പിൽ ബാഴ്സലോണ റിവേഴ്സ് ഗിയറിലായി. ഇതോടെ വെള്ളിയാഴ്ച ഗെറ്റാഫെക്കെതിരായ മത്സരം വിജയിച്ച് ലീഡ് നാല് േപായൻറാക്കി കിരീടം തിരിച്ചു പിടിക്കാനാകും ഒന്നാം സ്ഥാനക്കാരായ റയൽ മഡ്രിഡിെൻറ ശ്രമം. അത്ലറ്റിക്കോ താരം സൗൾ നിഗ്വേസിെൻറ ഇരട്ട പെനാൽറ്റി ഗോളുകളാണ് ബാഴ്സക്ക് തിരിച്ചടിയായത്. 11ാം മിനിറ്റിൽ ഡീഗോ കോസ്റ്റയുടെ സെൽഫ് ഗോളിൽ ബാഴ്സയാണ് ലീഡ് നേടിയത്.
മെസ്സിയെടുത്ത ഫ്രീകിക്ക് അത്ലിറ്റിക്കോ ഗോളി ജാൻ ഒബ്ലാകിനെ മറികടന്നെങ്കിലും കോസ്റ്റയുടെ കാലിൽ തട്ടി വലയിലെത്തി. എന്നാൽ 19ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നിഗ്വേസ് അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. കറാസ്കോയെ അർതുറോ വിദാൽ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ ഡീഗോ കോസ്റ്റയായിരുന്നു ആദ്യം കിക്കെടുത്തത്. കിക്ക് മാർക് ടെർ സ്റ്റീഗൻ തടുത്തിട്ടെങ്കിലും റഫറി വാറിലൂടെ ഫൗൾ വിധിച്ചു. ഗോൾവരയിൽ നിന്നും മുന്നോട്ട് ആഞ്ഞാണ് പന്ത് തടഞ്ഞതെന്നായിരുന്നു കുറ്റം. ഒപ്പം മഞ്ഞക്കാർഡും കിട്ടി. രണ്ടാം കിക്കെടുക്കാൻ വിധിക്കപ്പെട്ട സൗൾ പന്ത് വലയുടെ വലത്തേ മൂലയിലേക്ക് കോറിയിട്ട് ലക്ഷ്യം നിറവേറ്റി. ഹാഫ്ടൈമിന് തൊട്ട്മുമ്പ് മെസ്സിയെടുത്ത മനോഹരമായ ഫ്രീകിക്ക് ഒബ്ലാക് തട്ടിയകറ്റി.