കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്യുന്നത് തുടരുന്നു. നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതുമായും ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ ആറാം മണിക്കൂറിലേക്ക് നീളുകയാണ്. ഏകദേശം 9 മണിക്കൂറുകളായി മന്ത്രി എൻ.ഐ.എ ഓഫിസിൽ തുടരുകയാണ്.
ആറ് മണിയോടെ കൊച്ചി എന്‍.ഐ.എ ഓഫീസിലെത്തിയ മന്ത്രിയെ ഒമ്പതര മുതലാണ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിൻറെ അടിസ്ഥാനത്തിലാണ് മന്ത്രി എൻ.ഐ.എ ഓഫീസിൽ എത്തിയിരിക്കുന്നത്. രാവിലെ ആറു മണിയോടെ സ്വകാര്യ കാറിൽ അതീവ രഹസ്യമായാണ് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ മന്ത്രി ജലീൽ എത്തിയത്.
കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ കഴിഞ്ഞ വെള്ളിയാഴ‍്ച കൊച്ചിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് എൻ.ഐ.എയുടെ ചോദ്യം ചെയ്യൽ.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിദ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് എൻ.ഐ.എ ഓഫിസിന് മുന്നിൽ അരങ്ങേറിയത്. പ്രതിഷേധം മുൻകൂട്ടി കണ്ട് ഒാഫീസിന്‍റെ നാലു പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് പ്രദേശത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.