ബംഗളൂരു: ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ ജില്ലയിൽ ചൊവ്വാഴ്ച രാത്രി എട്ടു മുതൽ സമ്പൂർണ ലോക്ഡൗൺ ആരംഭിച്ചു. ജൂലൈ 22 വരെ ഏർപ്പെടുത്തിയ ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ അഞ്ചു മുതൽ 12 വരെ തുറക്കാം. ഫാർമസികൾക്ക് ഈ സമയ പരിധി ബാധകമല്ല. ബംഗളൂരുവിൽ ചൊവ്വാഴ്ച വൈകീട്ടോടെ തന്നെ ലോക്ഡൗണിെൻറ ഒരുക്കം പൊലീസ് ആരംഭിച്ചിരുന്നു. രാത്രി മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയുള്ള നടപടിയും ആരംഭിച്ചു. ബംഗളൂരുവിനൊപ്പം കലബുറഗിയിലെ നഗര പ്രദേശത്ത് മാത്രം ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് ജില്ല ഭരണകൂടം ഒരാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ജൂലൈ 20വരെയാണ് കലബുറഗി അർബൻ മേഖലയിൽ സമ്പൂർണ ലോക്ക് ഡൗൺ.
മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ലയിൽ ബുധനാഴ്ച രാത്രി മുതലും വടക്കൻ കർണാടകയിലെ ധാർവാഡ് ജില്ലയിൽ ബുധനാഴ്ച രാവിലെ മുതലും ലോക്ക് ഡൗൺ ആരംഭിക്കും. ഇതിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകത്തിലെ കൂടുതല്‍ ജില്ലകളില്‍ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. ബംഗളൂരു അർബൻ, റൂറൽ ജില്ലകൾ, ദക്ഷിണ കന്നട, ധാർവാഡ്, കലബുറഗി എന്നിവക്ക് പുറമെ യാദ്ഗിര്‍, റായ്ച്ചൂര്‍, ബിദര്‍ എന്നീ ജില്ലകളിലെ അർബൻ മേഖലയിലാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചത്. റായ്ച്ചൂർ, സിന്ദന്നൂർ നഗരങ്ങളിൽ ബുധനാഴ്ച മുതൽ 22വരെയാണ് ലോക്ക് ഡൗൺ.
ധാർവാഡിൽ ബുധനാഴ്ച രാവിലെ 10 മുതൽ ജൂലൈ 24 രാത്രി എട്ടുവരെയാണ് േലാക്ക് ഡൗൺ. അതേസമയം, ഉഡുപ്പി ജില്ലയിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്നും രണ്ടാഴ്ചത്തേക്ക് ജില്ല അതിർത്തികൾ സീൽ ചെയ്തുകൊണ്ടുള്ള കർശന നടപടികളാണ് എടുക്കുകെയന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ ഉഡുപ്പി ജില്ലയിലേക്കും ജില്ലയിൽനിന്ന് പുറത്തേക്കും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാനാകില്ല. ചരക്ക് വാഹനങ്ങൾക്ക് അനുമതിയുണ്ടാകും. ലോക്ഡൗണിന് മുമ്പ് ബംഗളൂരുവിൽനിന്ന് നാടുകളിലേക്ക് പോകുന്നവരുടെ തിരക്ക് ചൊവ്വാഴ്ചയും തുടർന്നു. മുത്തങ്ങ വഴിയാണ് കൂടുതൽ പേരും ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്നത്.
ഇതോടെ മുത്തങ്ങ അതിർത്തിയിലെ പരിശോധനക്കായി കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. മുത്തങ്ങ അതിർത്തിയിലെ പരിശോധനക്കായി രാവിലെ മുതൽ വൈകീട്ട് വരെ മണിക്കൂറുകളോളമാണ് ബംഗളൂരുവിൽനിന്ന് പുറപ്പെട്ടവർ കാത്തുനിന്നത്. കർണാടക വനാതിർത്തി കടന്ന് മുത്തങ്ങയിൽ രാവിലെ എത്തിയവർ വരെ വൈകീട്ടോടെയാണ് പരിശോധന പൂർത്തിയാക്കി മറ്റു ജില്ലകളിലേക്ക് പോയത്.
കുറച്ചു ദിവസത്തെ ലോക്ഡൗൺ കോവിഡ് വ്യാപനം തടയില്ലെന്ന് വിദഗ്ധര്‍
ബംഗളൂരു: കോവിഡ് വ്യാപനം തടയാനായി സംസ്ഥാനങ്ങളിൽ കുറച്ചു ദിവസത്തേക്ക് മാത്രമായി ഏർപ്പെടുത്തുന്ന േലാക്ഡൗൺ ഫലം ചെയ്യില്ലെന്ന് വിദഗ്ധർ. ചെറിയ ലോക്ഡൗണ്‍ കോവിഡ് കണ്ണി മുറിക്കാൻ സഹായിക്കില്ലെന്നും കോവിഡ് വ്യാപനം കൂടുന്നത് വൈകിപ്പിക്കുന്നതിന് മാത്രമേ സഹായകമാകുകയുള്ളൂവെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനത്തെ കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. ബംഗളൂരുവില്‍ ഒരാഴ്ചത്തെ ലോക്ഡൗൺ ആണ് ചൊവ്വാഴ്ച രാത്രി മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലുമെല്ലാം കുറച്ചു ദിവസങ്ങളുള്ള ലോക്ഡൗൺ ആണ് ഏര്‍പ്പെടുത്തുന്നത്.
കുറഞ്ഞ ദിവസങ്ങള്‍ മാത്രമുള്ള ലോക്ഡൗൺ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം തൽകാലികമായി കുറക്കാൻ സഹായിക്കുമെങ്കിലും വൈറസ് ശൃംഖല വേർപെടുത്തി വ്യാപനം കുറക്കാൻ സഹായകമാകില്ലെന്ന് ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് അസോസിയേറ്റ് പ്രഫ. വിശ്വേശ ഗുട്ടല്‍ പറഞ്ഞു. ലോക്ഡൗണിനോട് ജനങ്ങള്‍ എങ്ങനെ സഹകരിക്കുമെന്ന് അറിയാനാകാത്തതിനാൽ തന്നെ അതിെൻറ വിജയം ഉറപ്പുപറയാന്‍ പറ്റില്ല. കോവിഡ് വ്യാപനവും മരണ നിരക്കും കുറക്കുന്നതിനുള്ള മാര്‍ഗം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സമ്പർക്ക പട്ടികയിലുള്ളവരെ വേഗത്തിൽ കണ്ടെത്തി ക്വാറൻറീൻ കർശനമായി നടപ്പാക്കുകയുമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ബംഗളൂരു ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലെ അഞ്ഞൂറോളം ശാസ്ത്രജ്ഞരാണ് രാജ്യത്തെ കോവിഡ് മഹാമാരിയെ കുറിച്ച് പഠനം നടത്തിയത്.