മാറനല്ലൂർ ദാസ്..’ മലയാളം, തമിഴ് സിനിമാലോകത്തെ സൂപ്പർ താരങ്ങളുടെ കരുത്തായിരുന്നു. സിനിമാ സെറ്റിന്റേയും താരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന ദാസും സംഘവും താരങ്ങൾക്കും ഏറെ പ്രിയപ്പെട്ടവരാണ്. മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്ത്, സൂര്യ എന്നിവരുടെ സിനിമാ സെറ്റുകളിലും ചാനൽ ഷോകളിലും അടക്കം ദാസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. മലയാള സിനിമയിൽ ആദ്യമായി സെക്യൂരിറ്റി സംഘം എന്ന ആശയത്തിന് തുടക്കമിട്ടത് ദാസാണ്. ആറടി മൂന്നിഞ്ച് പൊക്കമുള്ള ദാസ് ആദ്യം സിനിമാ സെറ്റുകളിൽ ചെറിയ ജോലികൾ ചെയ്തുകൂടി. പിന്നീട് അദ്ദേഹം ഗൾഫിൽ പോയി. എന്നാൽ തന്റെ ലോകം സിനിമയാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. ‘ശ്രദ്ധ’ എന്ന സിനിമയിലൂടെയാണ് താരങ്ങൾക്ക് സുരക്ഷയൊരുക്കി തുടക്കമിട്ടു. മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ഇതാണ് തന്റെ ജോലിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 25 വർഷം െതന്നിന്ത്യൻ സിനിമയുടെ കരുത്തായി അദ്ദേഹം മാറി. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള ജനങ്ങളിൽ നിന്ന് അക്രമിക്കപ്പെട്ടും തെറികേട്ടും ആൾക്കൂട്ടത്തിൽ നിന്നും താരങ്ങളെ സംരക്ഷിക്കാൻ ദാസ് എന്നും മുന്നിലുണ്ടായിരുന്നു. സിനിമാക്കാരുടെ ‘ക്രൗഡ് ദാസൻ’ എന്ന മാരനല്ലൂർ ദാസ് സിനിമയുമായുള്ള ബന്ധം തന്റെ പതിനഞ്ചാമത്തെ വയസ്സിൽ തുടങ്ങിയതാണ്. ഇപ്പോൾ സ്വന്തമായി സെക്യൂരിറ്റി സർവ്വീസ് നടത്തുന്ന ഇദ്ദേഹത്തിന്റെ വിങ്ങിൽ 25 പേരുണ്ട്. സിനിമാക്കാരുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും ഇവരുടെ സേവനം ലഭ്യമാണ്. ഇത്തരം ഒരു സെക്യൂരിറ്റി ഗ്രൂപ്പിലേക്ക് ദാസ് വളർന്ന കഥ ഇങ്ങനെ; നിർമാതാവ് കിരീടം ഉണ്ണിയുടെ വീട്ടിലെത്തിയ ദാസ് മോഹൻലാൽ ചിത്രമായ പ്രജയിലാണ് ആദ്യമായി സെക്യൂരിറ്റിയായി പോകുന്നത്. തുടർന്ന് മിക്ക ലാൽ ചിത്രങ്ങളുടെയും ലൊക്കേഷനിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ദാസ് ഉണ്ടാകും. പിന്നീട് മമ്മൂട്ടി, ദിലീപ് തുടങ്ങിയവരുടെ ലൊക്കേഷനിലും സെക്യൂരിറ്റിയായി. തമിഴിൽ വിജയ് ചിത്രങ്ങൾ, തെലുങ്കിൽ പവൻ കല്യാൺ ചിത്രങ്ങൾ, ബോളിവുഡിൽ പ്രിയദർശൻ ചിത്രങ്ങളായ ബില്ലു ബാർബർ, ഖാട്ടാ മീട്ടാ തുടങ്ങിയ ചിത്രങ്ങൾക്ക് വരെ ദാസ് ബോഡിഗാർഡായി. “കിരീടം ഉണ്ണിസാറിന്റെ വീട്ടിൽ എല്ലാകാര്യങ്ങൾക്കും നിന്ന് സിനിമയോട് അടുപ്പം തോന്നിയെങ്കിലും അതിനിടയിൽ ഗൾഫിൽ, മസ്കറ്റിലെ മാർക്കറ്റിൽ ജോലി കിട്ടിയപ്പോൾ പോയി. പക്ഷേ, അവിടെനിന്ന് തിരിച്ചുവന്നപ്പോൾ മുതൽ വീണ്ടും സിനിമാക്കാരനായി. ഒരുപാട് തിക്താനുഭവങ്ങൾ ആൾക്കാരിൽ നിന്നുണ്ടാകുമ്പോഴും ഞാൻ സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നു. സിനിമയാണെന്റെ ജീവിതം..”–ദാസ് പറയുന്നു. പാലേരി മാണിക്യം എന്ന സിനിമയുടെ സെറ്റിലാണ് ഏറെ പണിപ്പെട്ടതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ സെറ്റിൽ 10 പേർ സുരക്ഷയൊരുക്കുമ്പോൾ ലാലേട്ടന്റെ സെറ്റിൽ 20 പേര് വേണമെന്ന ദാസിന്റെ വാക്കുകൾ അടുത്തിടെ വൈറലായിരുന്നു. ഒട്ടേറെ സിനിമകളിലും ദാസ് വേഷമിട്ടു. മിഷൻ 90 ഡെയ്സ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ ആദ്യ ചവിട്ട് വാങ്ങുന്നത് താനാണെന്ന് അഭിമാനത്തോടെ പറഞ്ഞ ദാസിന്റെ വേർപാടിൽ, ആദ്യം ആദരാഞ്ജലി അർപ്പിച്ച് എത്തിയതും മമ്മൂട്ടിയായിരുന്നു. എല്ലാ താരങ്ങളോടും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച ദാസിന്റെ വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം ആദരമർപ്പിക്കുകയാണ്