കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പരിഹസിച്ചാല്‍ ആരാധകര്‍ അത് നോക്കിനില്‍ക്കുമോ? ഒരിക്കലുമില്ല. അതിന് പാകിസ്താന്‍ ആരാധകരാണെന്നോ ഇന്ത്യന്‍ ആരാധകരാണോ എന്ന വ്യത്യാസമില്ല. കോലിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് കോലിയുടെ ഇന്ത്യയിലെയും പാകിസ്താനിലെയും ആരാധകര്‍ ഒരുമിച്ചാണ് മറുപടി നല്‍കിയത്. സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയുടെ ഭാഗമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം വൃത്തിയാക്കുകയായിരുന്നു കോലി. ഒപ്പം ചേതേശ്വര്‍ പൂജാര അടക്കമുള്ള സഹതാരങ്ങളുമുണ്ടായിരുന്നു. ഈ ചിത്രം ട്വീറ്റ് ചെയ്ത് അതിന് താഴെ ‘ലോക ഇലവന്‍ മത്സരത്തിനായി തൂപ്പുകാര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നു’ എന്നായിരുന്നു ഓസീസ് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസം. ഇതുകണ്ട കോലി ആരാധകര്‍ ശക്തമായ പ്രതികരണവുമായി എത്തുകയായിരുന്നു. ഓസീസിനെ തൂത്തുവാരുന്നതിന് മുമ്പുള്ള പരിശീലനമാണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കോലി എന്താണെന്ന് അറിഞ്ഞ ശേഷം മതിയായിരുന്നു ഇത്തരത്തിലൊരു ട്വീറ്റ് എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. കോലിക്ക് ആ സ്‌റ്റേഡിയം വിലക്ക് വാങ്ങി നിങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കി അവിടുത്തെ തൂപ്പുജോലി നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും ആരാധകര്‍ രോഷത്തോടെ പ്രതികരിച്ചു. പാകിസ്താനും ലോക ഇലവനും തമ്മിലുള്ള ടിട്വന്റി ടൂര്‍ണമെന്റ് ലാഹോറില്‍ നടക്കുന്നുണ്ട്. ഒരൊറ്റ ഇന്ത്യന്‍ താരവും ലോക ഇലവനില്‍ ഇല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇന്ത്യന്‍ താരങ്ങള്‍ ലോക ഇലവന്റെ ഭാഗമാവാത്തതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരിക്കും ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ കോലിയെ ലോക ഇലവന്റെ മത്സരത്തിന് മുമ്പ് സ്റ്റേഡിയം വൃത്തിയാക്കുന്നവന്‍ എന്ന് പരിഹസിച്ചതെന്നാണ് ആരാധകര്‍ കരുതുന്നത്.
ചൂല് കൈയിലെടുത്ത കോലിയെ തൂപ്പുകാരനാക്കി; രോഷത്തോടെ ഇന്ത്യ-പാക് ആരാധകര്‍
By Editor
0
499
RELATED ARTICLES