Wednesday, May 8, 2024
Google search engine
HomeUncategorizedകണ്ടിട്ടും കണ്ടിട്ടും പോരാതെ...

കണ്ടിട്ടും കണ്ടിട്ടും പോരാതെ…

എത്ര തവണ കണ്ടാലാണ് ഒന്ന് കൊതി തീരുക? അല്ലെങ്കിൽ തന്നെ ഇഷ്ടമുള്ള ഒന്നിൽ എപ്പോഴെങ്കിലും കൊതികൾ അവസാനിക്കുമോ, അങ്ങനെ അവസാനിച്ചാൽ അതിനു സ്നേഹമെന്ന പേര് പറയാനാകുമോ? ആ പഴയ വരികളുടെ ചാരുത പേറുന്ന പാട്ടുകൾ വെറുതെ ഓർത്തു പോയി. ഇടയ്ക്കെങ്കിലും പുതിയ ചില പാട്ടുകൾ ആ കാലങ്ങളെ ഓർമ്മിപ്പിച്ച് കടന്നെത്താറുണ്ട്. നെഞ്ചിൽ തങ്ങി നിൽക്കാറുമുണ്ട്. അതിലൊന്നായി അടയാളപ്പെടുന്നു, പുതിയ മോഹൻലാൽ ചിത്രമായ വില്ലനിലെ ഈ പാട്ടും. എൺപതുകളിലൊക്കെ ഒരു പാട്ടു അത്രമേൽ ആസ്വാദ്യമായത് അത് യേശുദാസ് എന്ന പ്രതിഭയുടെ സ്വരവും കൂടി ചേർന്നപ്പോഴായിരുന്നു, ഒരുപക്ഷെ സംഗീതവും വരികളും നന്നായാൽ പോലും അത് പാടുന്ന വ്യക്തിയുടെ സ്വരവും ഭാവവുമായി ചേർന്നില്ലെങ്കിൽ ആ ഗാനം വ്യർത്ഥമായി പോകുന്ന ഒരവസ്ഥ അതുകൊണ്ടു തന്നെയാകണം യേശുദാസിന്റെ സുവർണ കാലത്തിൽ ഉണ്ടായിരുന്നിട്ടേയില്ല എന്ന് പറയണം.  “കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം.. പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘതെല്ലായി മാറുന്നു നാം.” ബി കെ ഹരിനാരായണന്റെ വരികൾക്ക് ടീം ഫോർ മ്യൂസിക്‌സ് ആണ് സംഗീത സംവിധാനം.  “ഞാൻ ഒരു പാട്ടെഴുത്തുകാരനായി നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു പ്രധാന കാരണങ്ങളിൽ ഒന്ന് ബി ഉണ്ണികൃഷ്ണൻ സർ തന്നെയാണ്, ഈ ചിത്രത്തിൽ ടീം ഫോർ മ്യൂസിക്‌സിന്റെ കൂടെയും ഒന്നിക്കുന്നു. ഏറ്റവും സന്തോഷം നൽകുന്ന കാര്യം യേശുദാസ് എന്ന മഹാ ഗായകൻ എന്റെ വരികൾ പാടി എന്നതാണ്. ആരാണെങ്കിലും യേശുദാസിന്റെ ശബ്ദത്തിൽ പാട്ടു വരിക എന്നത് എപ്പോഴും വലിയ കാര്യമാണ്.അത് വരികൾ എഴുതിയ ആൾക്കാണെങ്കിലും സംഗീതം ചെയ്ത ആൾക്കാണെങ്കിലും … അദ്ദേഹം ചെന്നൈയിൽ വച്ചാണ് ഈ പാട്ട് പാടിയത്. അദ്ദേഹത്തിന് പദ്മവിഭൂഷൺ കിട്ടിയ ദിവസമാണ് ഈ പാട്ടു പാടുന്നതെന്നാണ് എന്റെ അറിവ്.”- വരികൾ എഴുതിയ ബി കെ ഹരിനാരായണൻ ആദ്യമായി യേശുദാസിനു വേണ്ടി പാട്ടെഴുതിയതിന്റെ ത്രില്ലിലാണ് ഇപ്പോഴും. എത്രയോ കാലം പിന്നിലേയ്ക്ക് പോയെന്ന പോലെ തോന്നുന്നുണ്ട്… അവിടെ എവിടെയൊക്കെയോ കണ്ടിട്ടും മതിവരാതെ തിരഞ്ഞു കൊണ്ടിരിക്കുന്നവരായി നാം മാറിപ്പോകുന്നു. ഒരിക്കലും അവസാനിക്കരുതേ എന്ന പോലെ ചില  അനുഭൂതികളിലേയ്ക്ക് നോക്കിയിരിക്കുന്നു. “സായംസന്ധ്യ ചായം തൂവും നീയാം വാനിൽ മെല്ലെ ചായാം ഓരോ യാമം താനേ പായും വേനൽ വെയിലായ് ഞാനെത്തുന്നു…” ഒരു വേനൽ വെയിൽ പോലെ ഇതുവരെ പറയാതിരുന്നത് എന്തോ പറയാൻ ബാക്കിയുണ്ടെന്ന പോലെ വീണ്ടുമെത്തുന്നു ആരോ…  എന്തുകൊണ്ടാണ് യേശുദാസിനോടുള്ള, അദ്ദേഹത്തിന്റെ സ്വരത്തിനോടുള്ള പ്രണയം ഇപ്പോഴും അസ്ഥിയിൽ പൂത്തു കിടക്കുന്നത്? ചില ചോദ്യങ്ങൾക്ക് ഉത്തരമില്ലല്ലോ!!!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com