Friday, December 6, 2024
Google search engine
HomeIndiaസ്വപ്നയെ വിളിച്ചത് അസമയത്തല്ല, ഭക്ഷണകിറ്റ് വിതരണത്തിന്, 4 വര്‍ഷമായി അറിയാം: ജലീൽ

സ്വപ്നയെ വിളിച്ചത് അസമയത്തല്ല, ഭക്ഷണകിറ്റ് വിതരണത്തിന്, 4 വര്‍ഷമായി അറിയാം: ജലീൽ

തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണിൽ പല തവണ ബന്ധപ്പെട്ടെന്ന ആരോപണത്തിനു മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ. 2020 മേയ് 27ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും തനിക്കൊരു മെസേജ് ലഭിച്ചുവെന്നും ഇതനുസരിച്ച്‌ ഔദ്യോഗികമായി മാത്രമാണു സ്വപ്‌നയുമായി സംസാരിച്ചതെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

സ്വപ്നയെ ബന്ധപ്പെടുത്തിയത് യുഎഇ കോണ്‍സല്‍ ജനറലാണ്. റമസാന്‍ സമയത്ത് ഭക്ഷണകിറ്റ് വിതരണത്തിനാണ് ബന്ധപ്പെട്ടത്. വിളിച്ചതൊന്നും അസമയത്തല്ല. ഔദ്യോഗിക കാര്യത്തിനു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മേയ് 27ന് കോണ്‍സല്‍ ജനറല്‍ അയച്ച ഫോണ്‍ സന്ദേശം കെ.ടി.ജലീല്‍ മാധ്യമങ്ങള്‍ക്കു നല്‍കി. കോണ്‍സുലേറ്റ് സെക്രട്ടറിയെന്ന നിലയില്‍ സ്വപ്നയുമായാണ് എല്ലാവരും ബന്ധപ്പെടുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍സല്‍ ജനറലാണെന്നും ജലീല്‍ പറഞ്ഞു.

എല്ലാ വര്‍ഷങ്ങളിലും റമസാന്‍ ദിനത്തോടനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് ഭക്ഷണ കിറ്റുകള്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കാറുണ്ട്. ഇത്തരം പരിപാടിയില്‍ താന്‍ തന്നെ രണ്ടു മൂന്നു പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇപ്രാവശ്യം ലോക്ഡൗണ്‍ ആയതിനാല്‍ അത് കൊടുക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ്‌, മേയ് 27ന് ഒരു സന്ദേശം തനിക്കു വരുന്നത്. ഭക്ഷണ കിറ്റ് കൈവശമുണ്ട്, എവിടെയെങ്കിലും കൊടുക്കണം എന്നു താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണം എന്നതാണ് കോണ്‍സല്‍ ജനറലിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശം. കണ്‍സ്യൂമര്‍ഫെഡ് വഴി ഭക്ഷണ കിറ്റ് ക്രമീകരിക്കാമെന്ന് പറഞ്ഞതനുസരിച്ച്, സ്വപ്‌ന എന്ന വ്യക്തി ബന്ധപ്പെടുമെന്ന് കോണ്‍സില്‍ നിന്നും സന്ദേശം ലഭിക്കുകയായിരുന്നു’– ജലീല്‍ വ്യക്തമാക്കി.

ആയിരത്തോളം ഭക്ഷണ കിറ്റ് കിട്ടുകയും എടപ്പാള്‍, തൃപ്രംകോട് പഞ്ചായത്തില്‍ വിതരണം ചെയ്യുകയുമായിരുന്നു. അതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും യുഎഇ കൗണ്‍സല്‍ ജനറലിന്റെ വിലാസത്തിലാണ് അയച്ചത്. യുഎഇ കോണ്‍സുലേറ്റാണ് പണം കണ്‍സ്യൂമര്‍ഫെഡിന് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട്, കോണ്‍സല്‍ ജനറലിന്റെ നിർദേശത്തെ തുടര്‍ന്ന് സ്വപ്‌നയുമായി സംസാരിക്കുകയായിരുന്നു– ജലീൽ വ്യക്തമാക്കി.

യുഎഇ ദേശീയദിനത്തിന് ക്ഷണിക്കാന്‍ സ്വപ്ന ഓഫിസില്‍ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നും പലവട്ടം വിളിച്ചിട്ടുണ്ടാകാം.  കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ നാലുവര്‍ഷമായി സ്വപ്നയെ അറിയാം. അവര്‍ സര്‍ക്കാരിന്റെ ജോലിക്കാരിയാണെന്ന കാര്യം എനിക്കറിയില്ല. സരിത്തിന്റെ വിളിയെക്കുറിച്ചറിയില്ല. സരിത്ത് പഴ്സനല്‍ സ്റ്റാഫിനെ വിളിച്ചതിനെക്കുറിച്ച് അറിയില്ല. പഴ്സനല്‍ സ്റ്റാഫിനെ വിളിച്ചതിനെക്കുറിച്ച് എൻഐഎ അന്വേഷിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com