ബെംഗളൂരു∙ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ഇതിഹാസ സ്പിന്നർമാരായ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോൺ, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ എന്നിവരുമായുള്ള താരതമ്യങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ അനിൽ കുംബ്ലെ രംഗത്ത്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള പിച്ചിലും പന്ത് തിരിക്കാൻ ശേഷിയുള്ള ഇവരുമായി തന്നെ താരതമ്യപ്പെടുത്തിയിരുന്നത് സമ്മർദ്ദം ഉണ്ടാക്കിയിരുന്നുവെന്നാണ് കുംബ്ലെയുടെ വെളിപ്പെടുത്തൽ. സിംബാബ്‍വെ താരം പോമി എംബാങ്‌വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് കുംബ്ലെ ഇക്കാര്യം പറഞ്ഞത്.
ബോളിങ്ങിൽ വ്യത്യസ്ത ശൈലികൾക്ക് ഉടമകളായിരുന്നെങ്കിലും 1990കൾ മുതൽ ഒന്നര പതിറ്റാണ്ടിലേറെക്കാലം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരായിരുന്നു വോണും മുരളീധരനും കുംബ്ലെയും. ‘ഏതു പ്രതലത്തിലും പന്ത് തിരിക്കാൻ ശേഷിയുള്ള താരങ്ങളായിരുന്നു വോണും മുരളീധരനും. എന്നെ അവരുമായി താരതമ്യപ്പെടുത്താൻ തുടങ്ങിയത് എനിക്ക് വല്ലാത്ത ബുദ്ധിമുട്ടു സൃഷ്ടിച്ചു’ – കുംബ്ലെ പറഞ്ഞു. ‘ഇന്ത്യയും ശ്രീലങ്കയും തമ്മിൽ സ്ഥിരമായി കളിച്ചിരുന്നതിനാൽ മുരളീധരനെ ഞാൻ പതിവായി കാണുമായിരുന്നു. അന്ന് ഓരോ നാഴികക്കല്ലു പിന്നിടുമ്പോഴും എനിക്ക് മുരളിയുടെ അഭിനന്ദനം കിട്ടും.
ആ സമയത്ത് തൊട്ടടുത്ത നാഴികക്കല്ലിന് 30 വിക്കറ്റ് അകലെ നിൽക്കുകയായിരിക്കും അദ്ദേഹം. അതുകൊണ്ട് അപ്പോൾത്തന്നെ മുൻകൂട്ടി ഞാൻ മുരളിയെയും അഭിനന്ദിക്കും. 500 വിക്കറ്റ് നേട്ടത്തിന് ഇനി 30 വിക്കറ്റ് കൂടി മതിയല്ലോ എന്ന് പറഞ്ഞാണ് അഭിനന്ദനം. ഇല്ലില്ല, ആ നേട്ടത്തിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്ന് മുരളി പ്രതികരിക്കും. മൂന്നു ടെസ്റ്റിനുള്ളിൽ താങ്കളവിടെ എത്തുമെന്ന് ഞാനും പറയും’ – കുംബ്ലെ വിശദീകരിച്ചു.
ഷെയ്ൻ വോണ്‍, മുത്തയ്യ മുരളീധരൻ എന്നിവരുമായി വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന് കുംബ്ലെ വെളിപ്പെടുത്തി. ഇരുവരും ബോൾ ചെയ്യുന്നത് കണ്ട് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ടെന്നും കുംബ്ലെ പറഞ്ഞു. ‘ഞങ്ങൾക്കിടയിൽ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. സ്വന്തം രാജ്യത്തിനായി ഓരോരുത്തരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കാഴ്ച രസകരമായിരുന്നു’– കുംബ്ലെ വ്യക്തമാക്കി.